ന്യൂഡല്‍ഹി: 2020ലെ പൊതുബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രധാന പ്രഖ്യാപനമായിരുന്നു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്യുമെന്നും ഓഹരികള്‍ വില്ക്കുമെന്നതും. ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വില്‍പ്പന തുടങ്ങുമെന്നും ധനമന്ത്രി ശനിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ അറിയിച്ചു. ഇപ്പോഴിതാ എല്‍.ഐ.സിയുടെ ഓഹരിവില്‍പ്പന പുതിയ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഉണ്ടായേക്കാമെന്ന് അറിയിച്ചിരിക്കുകയാണ് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍.
ഓഹരിവിപണിയില്‍ ലിസ്റ്റുചെയ്യാന്‍ ചില നിയമഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. 10 ശതമാനം ഓഹരിയാവും വില്പനയ്ക്കുവെക്കുകയെന്ന് കുമാര്‍ പറഞ്ഞു.
പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്‍.ഐ.സി.യുടെയും ഐ.ഡി.ബി.ഐ. ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞിരുന്നു.
ഐ.ഡി.ബി.ഐ ബാങ്കിന്റെ എല്ലാ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.എല്‍.ഐ.സി.യുടെ 100 ശതമാനം ഓഹരിയും ഐ.ഡി.ബി.ഐ. ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സര്‍ക്കാരിന്റെ പക്കലാണ്.
പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി സൗദി അറേബ്യ വിറ്റതിനോടാണ് എല്‍.ഐ.സി.യുടെ ഓഹരി വില്‍ക്കുന്നതിനെ വിപണിവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 60 കൊല്ലംമുമ്പ് രൂപവത്കരിച്ച എല്‍.ഐ.സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ്. ഈ മേഖലയിലെ 70 ശതമാനത്തിലേറെ ഇടപാടുകളും നിയന്ത്രിക്കുന്നത് എല്‍.ഐ.സി.യാണ്. ഐ.ഡി.ബി.ഐ. ബാങ്ക് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ എല്‍.ഐ.സി.ക്ക് ഓഹരിപങ്കാളിത്തമുണ്ട്.
1993 മുതല്‍ 1 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കവറായി നല്‍കുന്നത്. ബാങ്ക് നിര്‍ത്തലാക്കുമ്പോഴാണ് ഈ തുക നല്‍കേണ്ടത്. ഇതിനിടെയാണ് എല്‍ഐസിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തിയത്.