ന്യൂഡല്‍ഹി: ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിക്ഷേപകരുടെ ഇന്‍ഷൂറന്‍സ് കവറേജ് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. മൂലധനനിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ക്ക് വിപണിയെ സമീപിക്കാം.സഹകരണബാങ്കുകളെ ശക്തിപ്പെടുക്കാന്‍ നിയമഭേദഗതി വരുമെന്നും ധനമന്ത്രി.
പൊതുമേഖലാബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലേയ്ക്കുള്ള നിയമനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിര്‍മല പറഞ്ഞു.
ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുമെന്നും നികുതിദായകരെ പീഡിപ്പിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കമ്പനി നിയമത്തിന്റെ ലംഘനമായി കാണുന്ന ചില നടപടികള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ബാങ്കുകളുടെ കിട്ടാക്കടം കുറച്ചുവെന്നും ഐഡിബിഐ ബാങ്കിന്റെ എല്ലാ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.