ശ്രീനഗര്‍: തീവ്രവാദികളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായ കേസുമായി ബന്ധപ്പെട്ട് കശ്മീര്‍ താഴ്വരയില്‍ എന്‍ഐഎ റെയ്ഡ്. ഞായറാഴ്ച രാവിലെ ദേശീയ അന്വേഷണ ഏജന്‍സിയും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. തെക്കന്‍ കശ്മീരിലെ വിവിധ ഭാഗങ്ങളിലായി സംഘങ്ങളായി തിരിഞ്ഞ് ദേവീന്ദറിന്റെ സ്വകാര്യ ഓഫിസിലും വീട്ടിലുമായാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും ഈ മാസം 11-ാം തീയതിയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ഹിസ്ബുള്‍ ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.
ഭീകരരെ അമൃത്‌സറില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 12 ലക്ഷം രൂപയാണ് ഇതിനുള്ള പ്രതിഫലമെന്നാണു റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ശ്രീനഗര്‍ വിമാനത്തവളത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ദേവീന്ദര്‍ സിംഗ്.
നവീദ് ബാബുവിനെ നിരവധി തവണ പലയിടങ്ങളിലേക്കും സഞ്ചരിക്കാന്‍ സഹായിച്ചിരുന്നത് ദേവീന്ദറാണെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 3 ഹിസ്ബുള്‍ ഭീകരര്‍ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നുവെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. നവീദ് ബാബുവിന്റെ സഹോദരനടക്കമുള്ളവര്‍ ഇവരെ സന്ദര്‍ശിച്ചതായും വിവരമുണ്ട്. നവീദിന്റെ സഹോദരന്‍ സയ്ദ് ഇര്‍ഫാന്‍ അഹമ്മദും പിന്നീട് അറസ്റ്റിലായി.