ന്യൂഡല്‍ഹി: ബജറ്റിനെച്ചൊല്ലി സര്‍ക്കാരിനെതിരായ ആക്രമണം തുടരുന്നതിനിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ എങ്ങനെ സഹായിക്കാമെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ വ്യായാമ മുറയെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.
പ്രിയപ്പെട്ട പ്രധാനമന്ത്രി, ദയവായി നിങ്ങളുടെ മാന്ത്രികവ്യായാമ മുറകള്‍ കുറച്ചു തവണ കൂടി ആവര്‍ത്തിക്കൂ… നിങ്ങള്‍ക്കറിയാനാകില്ല, അത് ഒരുപക്ഷെ സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിച്ചേക്കാം- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. മോദിണോമിക്സ് എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പം രാഹുല്‍ ചേര്‍ത്തിട്ടുണ്ട്.
Dear PM,
Please try your magical exercise routine a few more times. You never know, it might just start the economy. #Modinomics pic.twitter.com/T9zK58ddC0
— Rahul Gandhi (@RahulGandhi) February 2, 2020
പ്രധാനമന്ത്രി വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. 2018ല്‍ ക്രിക്കറ്റ് താരം വിരാട് കോലി മോദിയെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ചിരുന്നു. കോലിയുടെ ചലഞ്ച് ഏറ്റെടുത്ത മോദി, ട്വിറ്ററില്‍ തന്റെ വ്യായാമ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോയാണ് രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.
തന്ത്രപരമായ ആശയമോ കോണ്‍ക്രീറ്റോ ഒന്നും തന്നെ അതില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി ശനിയാഴ്ച ബജറ്റിനെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ”പൊള്ളയായ” സമീപനമാണ് ഇത് കാണിക്കുന്നത്, ”എല്ലാം സംസാരിക്കുന്നു, ഒന്നും സംഭവിക്കുന്നില്ല എന്നും രാഹുല്‍ ആരോപിച്ചിരുന്നു.