ചൈന ശക്തമായി തിരിച്ചു വരുമെന്ന് കരുതിയില്ല; അമേരിക്കയെ തിരിച്ചടിച്ച് ചൈനീസ് സര്‍ക്കാര്‍

ബീജിങ്: അമേരിക്കയ്ക്ക് തിരിച്ചടി നല്‍കി ചൈന. മൂന്ന് പ്രധാന യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി. നേരത്തെ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കെതിരെ യുഎസ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ നടപടിക്കാണ് ചൈന തിരിച്ചടി നല്‍കിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളുടെ യുഎസ് പൗരന്മാരായ റിപ്പോര്‍ട്ടര്‍മാരേയാണ് ചൈന പുറത്താക്കിയത്. കൂടാതെ ഇവരുടെ അക്രഡിറ്റേഷന്‍ തിരികെ നല്‍കണമെന്നും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 13 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്.

ചൈനയില്‍ കൊറോണ വ്യാപിച്ച സാഹചര്യത്തിലാണ് ഒരു മാസം മുമ്പ് ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ചൈനീസ് മാധ്യമങ്ങളെ ‘വിദേശ ദൗത്യം’ എന്ന ഗണത്തില്‍പ്പെടുത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതോടെ ചൈനീസ് മാധ്യമങ്ങള്‍ക്ക് ഓഫീസ് തുടങ്ങുന്നതിനും മറ്റും യുഎസ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയുമുണ്ടായി.

മാത്രമല്ല വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയാണെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ
വംശീയ വിദ്വേഷം ഇളക്കിവിട്ടിരുന്നു. കൊറോണയെ ‘ ചൈനീസ് വൈറസ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിരുന്നത്. എന്നാല്‍ ചൈനയാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്ന് ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ലെന്നാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത് . ഈ സാഹചര്യത്തില്‍ ട്രംപ് അങ്ങനെ പ്രസ്താവിച്ചത് ശരിയായില്ലെന്ന് അമേരിക്കന്‍ ജനത തന്നെ തുറന്നടിക്കുകയും അദ്ദേഹത്തിനെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു.

Top