ന്യൂഡല്‍ഹി: എല്‍ഐസിയിലും ഓഹരി വിറ്റഴിക്കല്‍ നടപടി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. എല്‍ഐസിയുടെ ഒരു വിഭാഗം ഓഹരി വിറ്റഴിക്കാനാണ് തീരുമാനമെന്നും ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വില്‍പ്പന തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ എല്ലാ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം വന്നതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
നിലവിലെ വിലനിലവാരം വച്ച് പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 10 ശതമാനമാണ്. സര്‍ക്കാര്‍ മൂലധനച്ചെലവ് 21 ശതമാനം വര്‍ധിപ്പിക്കും. ഉല്പാദനമേഖലയിലെ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.
അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
ചെറുകിട ഇടത്തരം മേഖലകളുടെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും, വായ്പാ നടപടികള്‍ ഉദാരമാക്കും. വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കാന്‍ സംവിധാനം വരും. സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം കൊണ്ടുവരും കമ്പനി നിയമങ്ങള്‍ പരിഷ്ക്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.