ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പൗരത്വ നിയമഭേദഗതിക്കും, എന്‍ആര്‍സിക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ഗാന്ധി വിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായത്.
പരാമര്‍ശം പിന്‍വലിച്ച് എംപി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ലോകസഭയില്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും, രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ഗോഡ്‌സെ പാര്‍ട്ടിയെന്നുമെഴുതിയ പ്ലക്കാഡുകളുമായാണ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. ഇതേത്തുടര്‍ന്ന് സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു.
സര്‍ക്കാരിന് ജനങ്ങളുടെ ശബ്ദത്തെ വെടിയുണ്ടകള്‍ കൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമ്മേളനത്തിനിടെ പറഞ്ഞു. പന്ത്രണ്ട് മണിക്ക് ലോകസഭ വീണ്ടും സമ്മേളിക്കും.
ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് ആനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്തെത്തിയത്. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ് സ്വാതന്ത്ര്യ സമരം മുഴുവന്‍ അരങ്ങേറിയതെന്നും നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.
മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നു പറഞ്ഞ ഹെഗ്‌ഡെ നാടകത്തിലൂടെ സ്വാതന്ത്ര്യം നേടിയ ചിലരെ എന്തിനാണ് മഹാത്മാ എന്ന് വിളിക്കുന്നതെന്നും ചോദിച്ചിരുന്നു. ഹെഗ്‌ഡെയ്‌ക്കെതിരേ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
വെടിവയ്ക്കുന്നത് നിര്‍ത്തൂവെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു രാജ്യസഭയിലെ പ്രതിഷേധം. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രയന്‍, ടി ശിവ എന്നിവര്‍ മറ്റ് സഭാ നടപടികള്‍ നിര്‍ത്തിവച്ച് രാജ്യത്തെ പ്രതിഷേധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഇതിനിടെ രാജ്യസഭ കൊറോണ വിഷയം രാജ്യസഭ ചര്‍ച്ച ചെയ്തു.