കോണ്‍ഗ്രസിന്റെ ദേശീയ റാലികള്‍ ചിതാഭസ്മ യാത്ര; പരിഹാസവുമായി അമിത് ഷാ

amith-sha

റാഞ്ചി: കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന് വിമര്‍ശനമുന്നയിച്ചതിനു പുറകെയാണ് ബിജെപിയുടെ അടുത്ത പരാമർശം.

രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ബിജെപി ദേശീയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ ആകെ നാല് യാത്രകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് അമിത് ഷാ പരിഹസിച്ചു.

നെഹുറു, ഇന്ദിര, രാജീവ് എന്നിങ്ങനെ കോണ്‍ഗ്രസിന്റെ മൂന്ന് നേതാക്കളുടെ ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ളതായിരുന്നു നാല് യാത്രകളില്‍ മൂന്നെണ്ണവും എന്നും അമിത് ഷാ വിമർശിച്ചു.

തിരഞ്ഞെടുപ്പില്‍ വിജയിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മാത്രമല്ല, ചിന്താരീതികള്‍ കൂടി മാറ്റുന്നതിനായാണ് ബിജെപി രാജ്യത്ത് നിലകൊള്ളുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

ജനസംഘിന്റെ പ്രവര്‍ത്തന കാലം മുതല്‍ രാജ്യത്തിനു വേണ്ടി ബിജെപി ദേശീയ ജാഥകള്‍ നടത്തിയിട്ടുണ്ട്.

ഗോവധത്തിനെതിരേയും ഗോവയെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനാവശ്യപ്പെട്ട് കശ്മീര്‍ മുതല്‍ കന്യാകുമാരി വരേയും, രാമജന്മഭൂമിക്കായും ബിജെപി ദേശീയ റാലികള്‍ നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലം മുതല്‍ ഭരണപരമായ ധാരണകൾ കോണ്‍ഗ്രസിനില്ല. സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള ഒരു വാഹനം മാത്രമായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുലര്‍ത്തുന്നത് ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രമാണ്. കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷന്‍ ആരാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും. എന്നാല്‍ ബിജെപിയുടേതോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ അടുത്ത നേതൃനിര ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ എന്നും അമിത് ഷാ ചോദിച്ചു.

റാഞ്ചിയില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ സംഭാവനകളെ ആദരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Top