നിപ്പ വൈറസ് : കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും താരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് മെയ് 31നാണ് ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്സി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിയിരുന്നു.

26ന് ശനിയാഴ്ച പിഎസ്സി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്ബര്‍ 653/2017, 657/2017) പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്നോളജി, എം.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദ്ദേശം നല്‍കി.

Top