ദേശീയ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; പത്ത് വര്‍ഷത്തിന് ശേഷം കിരീടം ചൂടി മലയാളി പെണ്‍പട

അനന്തപൂര്‍: ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നടന്ന 43 മത് ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍ന്മാര്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം ചാമ്പ്യന്‍മാരാകുന്നത്. ഗ്രാന്‍ഡ് ഫൈനലില്‍ കരുത്തരായ പഞ്ചാബിനെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.

ഗ്രാന്റ് ഫൈനല്‍ മത്സരത്തിന് മുമ്പേ ഫൈനലില്‍ മഹാരാഷ്ട്രയെ 6 – 3നും, സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ തെലുങ്കാനയെ 1-0 ത്തിനും, ഡല്‍ഹിയെ 9-0 ത്തിനും തോല്‍പ്പിച്ചാണ് മത്സരത്തില്‍ തിളങ്ങിയത്. ചെമ്പഴന്തി എസ്. എന്‍ കോളജിലെ കായികാധ്യാപകനും സോഫ്റ്റ് ബോള്‍ ദേശീയ കോച്ചുമായ സുജിത് പ്രഭാകറിന്റെ പരിശീലനത്തിലാണ് കേരളം വീണ്ടും കിരീടം തിരികെ പിടിച്ചത്.

ദേശീയ കിരീടം ചൂടിയ കേരള ടീമിനെ സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ അഭിനന്ദിച്ചു. ടീമിന് സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കും. മടങ്ങിയെത്തുന്ന ടീമിന് 30 ന് രാവിലെ 6.15 ന് തിരുവനന്തപുരത്ത് സ്വീകരണവും നല്‍കും.

Top