സര്‍ക്കാര്‍ ഓഫീസുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

madras-highcourt

ചെന്നൈ:തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.

സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇതിനായി തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ഒരു ദിവസം തെരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

പുതിയ ഉത്തരവിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ ഇംഗ്ലീഷിലും തമിഴിലുമുള്ള വിവര്‍ത്തന പതിപ്പ് എല്ലാ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.

എന്നാല്‍ വ്യക്തമായ കാരണം ഉണ്ടെങ്കില്‍ വന്ദേമാതരം പാടാന്‍ കഴിയാത്തവര്‍ക്ക് നിയമം നിര്‍ബന്ധിതമായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധിതമാക്കണമെന്ന ഹര്‍ജിയില്‍ 2017 ഏപ്രിലില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടിയിരുന്നു.

ഇന്ത്യന്‍ ഭരണഘടനക്ക് ദേശീയഗീതം എന്ന ആശയം ഇല്ലെന്ന് ഫെബ്രുവരി 2017 ല്‍ സുപ്രീംകോടതി തന്നെ പ്രസ്താവിച്ചിരുന്നു.

ജസ്റ്റിസ് എം.വി. മുരളീധരന്‍ അധ്യക്ഷനായ ബെഞ്ചാണ് വന്ദേമാതരം നിര്‍ബന്ധമാക്കി ഉത്തരവിട്ടിരിക്കുന്നത്.

Top