ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകരുതെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊലീസ് സുരക്ഷ നല്‍കണമെന്നും കടകളും മറ്റ് സ്ഥാപനങ്ങളും ബലാമായി അടപ്പിക്കുകയോ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയോ ചെയ്താല്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുഗതാഗത വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ചേളാരി ഐഒസിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. രാവിലെ എട്ടുമണിക്കുശേഷം ജോലിക്കെത്തിയ തൊഴിലാളികളെയാണ് തടഞ്ഞത്. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞു.

സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും വയനാട്ടില്‍ നിന്നുള്ള സര്‍വീസുകളുമാണ് പ്രധാനമായും മുടങ്ങിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും സമരനാകുലികള്‍ ട്രെയിനുകള്‍ തടഞ്ഞു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികള്‍ തടഞ്ഞതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

ദീര്‍ഘനാളായി തുടരുന്ന തൊഴിലാളി പ്രശ്‌നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി എന്നിങ്ങനെ ജനജീവിതം തകര്‍ക്കുന്ന നിരവധി നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.

തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, പി.എഫ്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, പ്രസവകാല അവധി തുടങ്ങിയവ നിഷേധിക്കപ്പെടുന്നു. കര്‍ഷകപ്രശ്‌നങ്ങളും നിരവധിയാണ്. പ്രശ്‌നപരിഹാരത്തിന് 2015ല്‍ രൂപീകരിച്ച മന്ത്രിമാരുടെ സമിതി ഇതുവരെ യോഗം വിളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തൊഴിലാളികള്‍ നടത്തിവരുന്ന ചെറുതും വലുതുമായ സമരങ്ങളില്‍ ശക്തമായ സമരമായിരിക്കും ഇതെന്നാണ് സംഘടനകള്‍ പറയുന്നത്.

Top