ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ട്രെയിൻ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ ദേശീയ വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പണിമുടക്കിന്‍റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങില്ല.

ആദ്യ ദിനത്തിൽ തന്നെ സംസ്ഥാനത്ത് ഹർത്താലിന് തുല്യമായ അവസ്ഥയിലായിരുന്നു. പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതത്തെ പണിമുടക്ക് പ്രതികൂലമായി തന്നെ ബാധിച്ചു.

പണിമുടക്കില്‍ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമേ തുറന്നുള്ളൂ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നത് ജനങ്ങളെ വലച്ചു. ഓട്ടോയും ടാക്സിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ശബരിമലയിലേക്ക് മാത്രമാണ് സർവീസ് നടത്തിയത്.

Top