ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിക്കാന്‍ ഒരു സ്ത്രീയെ ഇറക്കി’ എന്നാണ് പാര്‍ലമെന്റില്‍ റഫേല്‍ ഇടപാട് വിമര്‍ശനത്തിനത്തിന് നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടിയെ കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്.
“56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടിപ്പോയി ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ ജി, എന്നെ രക്ഷിക്കൂ എന്ന്. എനിക്ക് എന്നെ രക്ഷിക്കാന്‍ കഴിയുന്നില്ല. രണ്ടര മണിക്കൂറുവരെ സമയമെടുത്തിട്ടും അവര്‍ക്ക് മോദിയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചോദ്യങ്ങള്‍ക്ക് അതെ അല്ലെങ്കില്‍ അല്ല – എന്ന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല”. മഹിള എന്ന ഹിന്ദി പദമാണ് ഒരു റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്.
ഗാന്ധിയുടെ അഭിപ്രായത്തെ വിമര്‍ശിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ രംഗത്തെത്തി. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയും മാപ്പ് ചോദിക്കുകയും ചെയ്യണം. നിര്‍മലാ സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാണ് . ഒരു പാര്‍ട്ടിയുടെ അധ്യക്ഷനില്‍ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവനയൊന്നും പ്രതീക്ഷിച്ചില്ലയെന്നും അവര്‍ വ്യക്തമാക്കി.