ഒക്ടോബര്‍ നാലിന് ഹാജരാകണമെന്ന് പി.സി ജോര്‍ജിന് വനിതാ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ പി.സി ജോര്‍ജ് ഒക്ടോബര്‍ നാലിന് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. വനിത കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കി പി.സി ജോര്‍ജിന് പുതിയ നോട്ടീസ് അയച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 20-ന് ഹാജരാകാന്‍ കഴിയില്ലെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു പി.സി ജോര്‍ജ് നേരത്തെ കമ്മീഷന് കത്തയച്ചിരുന്നു.

പരാമര്‍ശത്തിന്റെ പേരില്‍ നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ നോട്ടീസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പി.സി. ജോര്‍ജ് എംഎല്‍എ പിന്‍വലിച്ചിരുന്നു. കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണ് ഹൈക്കോടതി ഹര്‍ജിയില്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.

ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കും ഇവര്‍ക്കൊപ്പമുള്ള മറ്റു കന്യാസ്ത്രീകള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജിന് നോട്ടീസ് നല്‍കിയത്.

Top