ന്യൂയോര്‍ക്ക്: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയെന്ന സര്‍വേ റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ ഇതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ ചീഫ് രേഖ ശര്‍മ്മ രംഗത്ത്.
ലോകത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന സര്‍വേയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് രേഖ പറഞ്ഞത്. കാരണമായി അവര്‍ പറയുന്നത് 25 സ്ത്രീകളെ മാത്രം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സര്‍വ്വേയാണ് ഇതെന്നും ഒരിക്കലും ഇത്രയും സ്ത്രീകള്‍ക്ക് സമൂഹത്തെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും രേഖ വ്യക്തമാക്കി.
അതെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ഈ വിഷയം മാധ്യമങ്ങള്‍ സജീവമായി തന്നെ ഏറ്റെടുക്കുന്നുണ്ടെന്നും എന്നാല്‍ സര്‍വ്വേയില്‍ പറയുന്ന പോലെ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പട്ടികയില്‍ ഒന്നാമത് ഇന്ത്യ എത്തുകയില്ലെന്നും അവര്‍ പറഞ്ഞു. വനിതകള്‍ സുരക്ഷിതരല്ലാത്തതും പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതുമായ മറ്റു രാജ്യങ്ങള്‍ ഉണ്ട്, ഈ സര്‍വ്വേ തെറ്റായിപ്പോയി രേഖ ശര്‍മ്മ പറയുന്നു.
സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ ഫലത്തിലാണ് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയെന്ന് വ്യക്തമാക്കിയത്. യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക.
2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിരുന്നു.