ന്യൂഡല്‍ഹി: ദേശീയതയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗങ്ങളും മറ്റും ആസ്പദമാക്കിയുള്ള പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യമായതിലും ലോകത്തെ വലിയ ശക്തികളിലൊന്നായി മാറിയതിലും ആദ്യ പ്രധാനമന്ത്രിയായ ജവഹല്‍ലാല്‍ നെഹ്‌റുവിന് വ്യക്തമായ പങ്കുണ്ടെന്നും മന്‍മോഹന് സിങ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം നെഹ്‌റുവിന്റെ നേതൃപഠവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് കാണുന്ന വികസനത്തിലേക്കെത്താന്‍ സാധിക്കില്ലായിരുന്നുവെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് ചരിത്രം കൃത്യമായ വായിക്കാനും മനസിലാക്കാനുമുള്ള ക്ഷമയില്ല. തെറ്റായ വസ്തുതകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കുമെന്നും ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.