ചെന്നൈ: കോവിഡ് വാക്സിന്‍ പരീക്ഷണം കുത്തിവയ്പ്പ് എടുത്തതിന് ശേഷം നാഡീസംബന്ധിയായും മറ്റും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുവെന്ന് ആരോപിച്ച് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്ത്. ചെന്നൈ സ്വദേശിയായ ബിസിനസ് കണ്‍സള്‍ട്ടന്‍റാണ് ഒക്സ്ഫോഡ് -അസ്ട്ര സനേക വാക്സിന്‍ പരീക്ഷണം ഡോസ് എടുക്കാന്‍ സന്നദ്ധനായത്. പൂനെ ആസ്ഥാനമാക്കിയുള്ള സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ പരീക്ഷണം സംഘടിപ്പിക്കുന്നത്. എന്നാല്‍ വാക്സിന്‍ എടുത്ത ശേഷം ശരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
ഇത് ചൂണ്ടിക്കാട്ടി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, അസ്ട്ര സനേക സിഇഒ, ഓക്സ്ഫോര്‍ഡ് വാക്സിന്‍ ട്രയല്‍ ഇന്‍വസ്റ്റിഗേറ്റര്‍ എന്നിങ്ങനെ വിവിധ കക്ഷികള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.