കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അഞ്ചു പ്രതികള്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ ശരണ്‍, ജെറിന്‍, ജെയ്‌സണ്‍, ജയപ്രകാശ്, മനു എന്നിവരാണ് ഞായറാഴ്ച ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ഓഫിസിലത്തെി കീഴടങ്ങിയത്.
ഇവര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രവീണ്‍, അഭിലാഷ്, നിധിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരും ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന.
കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനു വിധേയരായ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി. ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്.
പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളാണു റാഗിങ്ങിനു വിധേയരായ രണ്ടുപേരും. ഇരുവരെയും നഗ്‌നരാക്കി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണു പരാതി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും റാഗിങ് നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പോളിടെക്‌നിക്കില്‍ എത്തിയ പൊലീസ് സംഘം പ്രിന്‍സിപ്പല്‍ സി.ജി. അനിതയില്‍നിന്ന് മൊഴിയെടുത്തിരുന്നു.
കോളജുതലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടത്തെിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പ്രിന്‍സിപ്പല്‍ മൊഴി നല്‍കി.
ഡിസംബര്‍ രണ്ടിനു രാത്രി ഒമ്പതര മുതല്‍ പുലര്‍ച്ചെ മൂന്നുവരെ പോളിടെക്‌നിക് ഹോസ്റ്റലില്‍ റാഗിങ് നടന്നതായാണു വിദ്യാര്‍ഥികള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.