തുടങ്ങും മുൻപ് തന്നെ, രാജ്യവ്യാപകമായി ജനശ്രദ്ധ പിടിച്ചു പറ്റിയ മഹാ സംഭവമായാണ് , നവകേരള സദസ് മാറിയിരിക്കുന്നത്. ഈ പരിപാടികൊണ്ടു നാടിനും, നാട്ടുകാർക്കും ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ കണ്ടില്ലന്നു നടിച്ച് , സംസ്ഥാന കാബിനറ്റ് ഒന്നടങ്കം സഞ്ചരിക്കുന്ന ബസിനെ , കേവലം ആഢംബര ബസായും ധൂർത്തായും മാത്രം വിലയിരുത്തി , വാർത്തകൾ പടച്ചുവിട്ട മാധ്യമങ്ങളും , നവകേരള സന്ദസിനെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ , അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. അതെന്തായാലും , പറയാതെ വയ്യ. എന്നാൽ , ഇപ്പോൾ ഈ വിവാദങ്ങൾ കൊണ്ട് സംഭവിച്ചിരിക്കുന്നത്, മറ്റൊരു കാര്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നവകേരള സദസിനായി പുറപ്പെടും മുൻപ് തന്നെ, ഈ യാത്രയെ കുറിച്ച് പഠിക്കാൻ , വിവിധ സംസ്ഥാന ഭരണകൂടങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ആന്ധ്ര , തമിഴ്നാട് ഭരണകൂടങ്ങളാണ് , നവകേരള സദസിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് , ലഭിക്കുന്ന വിവരം. ഒരു കാബിനറ്റ് ഒന്നാകെ ഒരു ബസിൽ , കേരളത്തിലെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും , അവിടെ എടുക്കുന്ന തീരുമാനങ്ങളും , അത് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങളും , സൂഷ്മമായി വിലയിരുത്തുകയാണ് ലക്ഷ്യം. നവകേരള സദസ് വൻ വിജയമായാൽ , ഇതേ മാതൃകയിൽ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാറും , ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാറും , സമാനയാത്ര സംഘടിപ്പിക്കും. ആന്ധ്രയിൽ 2024 ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
തമിഴ് നാട്ടിൽ 2026ലാണ് തിരഞ്ഞെടുപ്പ്. രണ്ട് സംസ്ഥാനത്തും , മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായ വെല്ലുവിളികളാണ് , സംസ്ഥാന ഭരണകൂടങ്ങൾ നേരിടുന്നത്. ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബുവിനെ തന്നെ , അഴിമതി കേസിൽ തുറങ്കിലടച്ചതിനാൽ , അവിടെ ഭരണമാറ്റം സംഭവിച്ചാൽ , പ്രതികാര നടപടിയുണ്ടാകുമെന്നതിനാൽ , ഭരണം നിലനിർത്താൻ , സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് , മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും , അദ്ദേഹത്തിന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ്സും ശ്രമിക്കുന്നത്.
ജഗന്റെ പിതാവും , മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ, വൈ എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥപറയുന്ന ‘യാത്ര’ സിനിമയുടെ രണ്ടാംഭാഗം ഇപ്പോൾ പുറത്തിറക്കാൻ പോകുന്നതും , ആന്ധ്ര തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ്. മലയാള സൂപ്പർതാരം, മമ്മുട്ടിയാണ് , ഈ സിനിമയിൽ , രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ റോളിൽ എത്തുന്നതാകട്ടെ, തമിഴ് താരം ജീവയുമാണ്. യാത്ര സിനിമയേക്കാൾ, എഫക്ടുണ്ടാക്കാൻ , മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന , കേരള മോഡലിനു കഴിയുമെങ്കിൽ , തീർച്ചയായും , ആ വഴി തന്നെയാണ് , തന്ത്രശാലിയായ ജഗൻ മോഹൻ റെഡ്ഡിയും തിരഞ്ഞെടുക്കുക.
തമിഴ്നാട്ടിലും , സ്ഥിതി വ്യത്യസ്തമല്ല. വൻ വെല്ലു വിളിയാണ് അടുത്ത തിരഞ്ഞെടുപ്പിൽ , സ്റ്റാലിൻ സർക്കാറിനെ കാത്തിരിക്കുന്നത്. സിനിമാ താരങ്ങൾ , രാഷ്ട്രീയത്തിലും സൂപ്പർ ഹീറോകളായി ഭരണം പിടിച്ച നാട്ടിൽ , യുവതാരം ദളപതി വിജയ് ആണ് , ഡി.എം.കെയുടെയും മുഖ്യമന്ത്രി സ്റ്റാലിന്റെയും എതിരാളിയായി വരാൻ പോകുന്നത്. തമിഴ്നാടിന്റെ മുക്കിലും മൂലയിലും വരെ, യൂണിറ്റുകൾ ഉള്ള , വിജയ് ഫാൻസ് അസോസിയേഷനായ ‘വിജയ് മക്കൾ ഇയക്കം ‘ രാഷ്ട്രീയ പാർട്ടിയാകുന്നതോടെ, പൊരിഞ്ഞ പോരാട്ടം തന്നെയാണ് , 2026-ലെ തിരഞ്ഞെടുപ്പിൽ , തമിഴകത്തു നടത്തുക. ദളപതി, തമിഴകത്തിന്റെ ഭരണം പിടിച്ചാൽ അതോടെ, ആ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം തന്നെയാണ് മാറുക. ഈ നീക്കത്തിനു തടയിടാൻ മാത്രമല്ല, പിടിച്ചു നിൽക്കാനെങ്കിലും , സ്റ്റാലിനു മുന്നിലുള്ള ഏക പോംവഴി, ജനസ്വാധീനം വർദ്ധിപ്പിക്കുക എന്നതു മാത്രമാണ്. പല കാര്യങ്ങളിലും , ഇതിനകം തന്നെ കേരള മാതൃക പിന്തുടരുന്ന…സ്റ്റാലിൻ ഭരണകൂടം, നവകേരള സദസ്സിനെയും , അതീവ താൽപര്യത്തോടെയാണ് നോക്കി കാണുന്നത്.
യാത്ര പുറപ്പെടുന്നതു മുതൽ , അവസാനിക്കുന്നതുവരെ, നവകേരള സദസ്സിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ , തമിഴ്നാട് , ആന്ധ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും ഇനിയുണ്ടാകും. നവകേരള സദസ്സ് വൻ വിജയമാണെന്ന റിപ്പോർട്ട് ലഭിച്ചാൽ , ഔദ്യോഗികമായി തന്നെ ഇതു സംബന്ധിച്ച് പഠിക്കാൻ , പ്രത്യേക സംഘത്തെയും , ആന്ധ്ര, തമിഴ്നാട് സർക്കാറുകൾ കേരളത്തിലേക്ക് അയച്ചേക്കും. കേരള കാബിനറ്റ് ഒന്നടങ്കം നടത്തുന്ന ജനകീയ പര്യടനമായതിനാൽ , കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും , നവകേരള സദസ്സിനെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര സർക്കാറും , അത്ഭുതത്തോടെയാണ് , ഇത്തരമൊരു യാത്രയെ നോക്കി കാണുന്നത്.
മറ്റു പല സംസ്ഥാനങ്ങളിലും ഇടതുപക്ഷ ഭരണം തകർന്നിട്ടും , എന്തു കൊണ്ട് കേരളത്തിൽ മാത്രം പിടിച്ചു നിൽക്കുന്നു എന്ന , ചോദ്യത്തിനുള്ള ഉത്തരം , ഇത്തരം ജനകീയ ഇടപെടൽ തന്നെയാണെന്നതും , നാം ഓർക്കണം. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ , ഏതെങ്കിലും പി.ആർ ഏജൻസിയുടെ നിർദ്ദേശ പ്രകാരമാണ് , നവകേരള സദസ്സെന്ന വാദവും അംഗീകരിക്കാൻ കഴിയുന്നതല്ല. പി.ആർ. ഏജൻസി എന്ന വാക്ക് കേരളത്തിന് പരിചിതമാകുന്നതിനും എത്രയോ മുൻപ് തന്നെ, ജനകീയ പ്രവർത്തനങ്ങളിലൂടെയും , പ്രഖ്യാപനങ്ങളിലൂടെയും ചരിത്രം സൃഷ്ടിച്ച പാരമ്പര്യമാണ് , ഇവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടികൾക്കും , ഇടതുപക്ഷ സർക്കാറുകൾക്കുമുള്ളത്. ബുദ്ധിജീവികളാൽ സമ്പന്നമായ കമ്യൂണിസ്റ്റു പാർട്ടികൾക്ക് , ഇപ്പോൾ പൊട്ടിമുളച്ച പി.ആർ ഏജൻസികളുടെ സഹായം തേടേണ്ട ഒരു ഗതികേടുമില്ല. അത്തരം ഗതികേടുള്ളത് ബൂർഷ്വാ പാർട്ടികൾക്കാണ്.
രാഹുൽ ഗാന്ധിക്ക് ഭാരത് ജോഡോ യാത്ര നടത്താൻ , ഒരു പിആർ ഏജൻസി വേണ്ടി വന്നു. ഒടുവിൽ കർണ്ണാടകയിൽ ഭരണം പിടിക്കാനും , അവർക്ക് ആശ്രയിക്കേണ്ടി വന്നത്, വില കൊടുത്തു വാങ്ങിയ ഈ ബുദ്ധിയെയാണ്. എന്തിനേറെ, യൂത്ത് കോൺഗ്രസ്സിൽ ഭാരവാഹികളെ തിരഞ്ഞെടുത്തതു പോലും , കേവലം ഒരു ആപ്പ് വഴിയാണ്. ഇതാണ് അഭിനവ കാലത്തെ, ഖദർ രാഷ്ട്രീയം. ഈ ഓർമ്മയിലാണ് , നവകേരള സദസ്സും , പി.ആർ സ്പോൺസേർഡ് പരിപാടിയാണെന്ന് , കോൺഗ്രസ്സ് ആക്ഷേപിക്കുന്നത്. കേരളത്തിലെ “താമര സ്വപ്നം” വാടുമെന്ന് ഭയന്ന് , ബി.ജെ.പിയും , നവകേരള സദസ്സിനെതിരെ , ശക്തമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിയുന്നതിനും, അതിന് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുമായിട്ടാണ്, മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലും ജനങ്ങളിലേക്ക് എത്തുന്നത്. ആ യാത്രയ്ക്കാണ് ഇപ്പോൾ കാസർഗോഡ് തുടക്കമായിരിക്കുന്നത്. അതതുവകുപ്പുകളുടെ തനത് ഫണ്ടും, സ്പോണ്‍സര്‍ഷിപ്പുമാണ് പരിപാടിയുടെ ചെലവിനായി കണ്ടെത്തിയിരിക്കുന്ന ധനാഗമന മാര്‍ഗം. ഒരോ മണ്ഡലങ്ങളിലേയും വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, പേരായ്മകള്‍ പരിഹരിച്ച് പദ്ധതികള്‍ക്ക് വേഗം കൂട്ടുന്നതിനുമാണ്, ഇത്തരം സംവാദങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കാബിനറ്റ് ഒന്നടങ്കം ഉള്ളതിനാൽ , തീരുമാനവും സ്പോട്ടിൽ തന്നെയുണ്ടാകും. ഇടതുപക്ഷം വിജയിച്ച മണ്ഡലങ്ങളില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവിന്‍റെയടക്കം മണ്ഡലങ്ങളില്‍ ഈ പരിപാടി നടക്കുന്നുണ്ട്. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള പരിപാടിയാണിതെന്നത് , ഇതിൽ നിന്നു തന്നെ വ്യക്തം.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും.ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് യാത്രയുടെ സമാപനം. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ… നവകേരള സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.
മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളിൽ, രാവിലെ 9 മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന്, ഓരോ വേദിയിലും പ്രത്യേക സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ തന്നെ, പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും.
പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീതും നൽകും. പരാതി തീർപ്പാകുന്ന മുറയ്ക്ക്, തപാൽ മുഖേന വിവരം അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.inൽ നിന്ന് അറിയാനാകും.
ഇതിനായി രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മാത്രം മതിയാകും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ, പരമാവധി നാലാഴ്ചയ്ക്കുള്ളിൽ തന്നെ, ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ, ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേനയാണ് റിപ്പോർട്ട് സമർപ്പിക്കുക. ഇത്തരം പരാതികൾ 45 ദിവസത്തിനകമാണ് തീർപ്പാക്കുക.
ഓരോ നിയമസഭാ മണ്ഡലത്തിലും, എ.എൽ. എമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതലകൾ നൽകിയിട്ടുണ്ട്. രാജ്യചരിത്രത്തിൽ എന്നല്ല, ലോക ചരിത്രത്തിൽ തന്നെ, ഇതാദ്യമായിട്ടാണ് , ഭരണകൂടം ഒന്നടങ്കം , ഇത്തരമൊരു ജനകീയ യാത്ര നടത്തുന്നത്. ലോക ചരിത്രത്തിൽ ആദ്യമായി , തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസിറ്റുകൾ അധികാരത്തിലേറിയ സംസ്ഥാനത്തു നിന്നു തന്നെയാണ് , പുതിയ ഒരു ജനകീയ വിപ്ലവത്തിനു കൂടി ഇപ്പോൾ തുടക്കമായിരിക്കുന്നത്.
EXPRESS KERALA VIEW