മുംബൈ: ഐഎസ് അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നവി മുംബൈ അതീവ ഭീതിയില്‍. റായ്ഗഡ് ജില്ലയിലെ ഉറാന്‍ പ്രദേശത്തുള്ള ഖോപ്തേ പാലത്തിന്റെ തൂണുകളിലാണ് ഐഎസിനെ അനുകൂലിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഐഎസ് തീവ്രവാദികളെ പ്രശംസിച്ചുകൊണ്ടും ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി, ഹാഫിസ് സയീദ് തുടങ്ങിയ ഭീകരര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുമാണ് ചുവരെഴുത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ക്രിക്കറ്റ് താരം ധോണി എന്നിവരുടെ പേരുകളും ചുവരെഴുത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കുന്നു.
ചുവരെഴുത്തില്‍ നഗരത്തിലെ പ്രധാനപ്പെട്ട ചില ഇടങ്ങളില്‍ ആക്രമണം നടത്തുന്നത് സംബന്ധിച്ച് ചുവരെഴുത്തില്‍ സൂചനകളുണ്ട്. കൂടാതെ സുപ്രധാന വ്യക്തികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചുവരെഴുത്തിനെ ഗൗരവപൂര്‍വമാണ് കാണുന്നതെന്നും നവി മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു. ഒഎന്‍ജിസി, ആയുധ സംഭരണ ശാല, വൈദ്യുതി നിലയം, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയവയൊക്കെ ഈ മേഖലയിലുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് പോലീസ്.
സംഭവത്തെക്കുറിച്ച് പോലീസിന്റെ ഒരു പ്രത്യേക വിഭാഗവും നവി മുംബൈ ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. പരിസരത്തെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.