ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനമായ നാവിക് (NAVIK)അധികം വൈകാതെ സ്മാര്‍ട്ഫോണുകളിലേക്കുമെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ചൈനീസ് സ്മാര്‍ട്ഫോണ്‍ ഷാവോമിയും ഇതിനായി ചര്‍ച്ച നടത്തുകയാണ്. ഇത് വിജയകരമായാല്‍ ഇപ്പോഴുള്ള ജിപിഎസിന് പകരം ഐഎസ്ആര്‍ഓ വികസിപ്പിച്ച നാവിക് സേവനം ലഭ്യമാക്കുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളില്‍ ഒന്നായി ഷാവോമി മാറും.
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്) ആണ് നാവിക് എന്ന പേരില്‍ അറിയപ്പെടുന്നത്. ജിപിഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് നാവിക്. കരയിലും, ആകാശത്തും, കടലിലുമുള്ള ഗതിനിര്‍ണയം, ദുരന്തനിവാരണം, വാഹനങ്ങള്‍ ട്രാക്ക് ചെയ്യല്‍ ഉള്‍പ്പടെ നിരവധി ഗതിനിര്‍ണയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് നാവിക് ഒരുക്കിയിരിക്കുന്നത്.
സ്മാര്‍ട്ഫോണ്‍ ചിപ്പുകളില്‍ നാവിക് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതില്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമുമായി ഐഎസ്ആര്‍ഒ ധാരണയിലായിട്ടുണ്ട്. ക്വാല്‍കോം ഇതിനോടകം ചിപ്പ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.