സിദ്ധുവും പാക് പ്രധാനമന്ത്രിയും ഭയ്യാ-ഭയ്യാ ! അമരീന്ദറിന്റെ വാദം സത്യമോ, വെട്ടിലായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിവാദത്തിലകപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിദ്ധു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സിദ്ധു ‘ബഡേ ഭായ്’ (മുതിര്‍ന്ന സഹോദരന്‍) എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി സിദ്ധു എത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം.

കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ എത്തിയ സിദ്ധുവിനെ പാകിസ്താന്‍ പ്രതിനിധി മുഹമ്മദ് ലതീഫ് പ്രസിഡന്റ് ഇമ്രാന്‍ ഖാന് വേണ്ടി സ്വാഗതം ചെയ്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ സിദ്ധു ഇമ്രാന്‍ ഖാന്‍ തന്റെ മുതിര്‍ന്ന സഹോദരനെ പോലെയാണെന്നും പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് അടച്ച കര്‍താര്‍പുര്‍ ഇടനാഴി വീണ്ടും തുറക്കുന്നതിനായി സിദ്ധു നടത്തിയ പരിശ്രമത്തെ ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചിരുന്നു.

നേരത്തെയും, പാകിസ്താനും ഇമ്രാന്‍ ഖാനുമായും അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണണങ്ങള്‍ സിദ്ധുവിനെതിരെ ഉയര്‍ന്നിരുന്നു. ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാനായി സിദ്ധു പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. പാകിസ്താന്‍ സൈനിക തലവനെ ആലിംഗനം ചെയ്തതിനെ തുടര്‍ന്നും സിദ്ധു വിവാദത്തിലകപ്പെട്ടിരുന്നു.

വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും സിദ്ധുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇമ്രാന്‍ ഖാന്‍ സിദ്ധുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവനുമായി സിദ്ധുവിന് ബന്ധങ്ങളുണ്ടെന്നും അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ എതിരാളിയുമായിരുന്ന അമരീന്ദര്‍ സിങ് ആരോപിച്ചിരുന്നു. സിദ്ധു മുഖ്യമന്ത്രിയാവുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണയാണെന്ന അമരീന്ദറിന്റെ ആരോപണം ബി.ജെ.പിയും ഏറ്റെടുത്തിരുന്നു.

Top