പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടകേസ്

ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയതു. ഛണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേലാണ് പരാതിക്കാരന്‍. 2021ലെ ഒരു റാലിക്കിടെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശത്തില്‍ സിദ്ദു മാപ്പ് പറയണമെന്നാണ് ആവശ്യം.

നാളെയാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരിക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്കാണ് പ്രാചരണങ്ങളില്‍ മുന്‍തൂക്കം.

അതിനിടെ പഞ്ചാബില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് റെയില്‍-പഞ്ചാബ് ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂവാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. പോളിംഗ് സ്റ്റേഷനുകളില്‍ കേസ്രി ഖലിസ്ഥാന്‍ പതാകകള്‍ സ്ഥാപിക്കാനും, തെരഞ്ഞെടുപ്പ് ദിവസം ഖലിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാനും അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top