നവജ്യോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ നവജ്യോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. നാലു വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചേക്കും. നിലവിലെ പി സി സി അധ്യക്ഷന്‍ സുനില്‍ ജഖാര്‍, അനുകൂലിക്കുന്ന മന്ത്രിമാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവരുമായി സിദ്ദു കൂടിക്കാഴ്ച നടത്തി. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.

പഞ്ചാബ് കോണ്‍ഗ്രസിലെ മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. സ്വന്തം നിലയ്ക്ക് മാത്രം തീരുമാനങ്ങള്‍ എടുക്കുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ കീഴില്‍ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നവജ്യോത് സിങ് സിദ്ദുവിന്റെ നിലപാട്. എ.എ.പിയിലേക്ക് പോകുമെന്ന സൂചനയും നല്‍കി. ഇതോടെയാണ് സിദ്ദുവിന് പി.സി.സി അധ്യക്ഷസ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

ഹരീഷ് റാവത്ത് ചര്‍ച്ച നടത്തി മടങ്ങിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് നിലപാട് മയപ്പെടുത്തിയത്. നേതൃ തര്‍ക്കം തീര്‍ക്കാത്തതില്‍ കേന്ദ്ര നേതൃത്വം കടുത്ത നിലപാടിലേക്ക് കടന്നേക്കും എന്നത് കൂടി പരിഗണിച്ചായിരുന്നു അമരീന്ദര്‍ സിംഗിന്റെ മനം മാറ്റം. സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയെ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പുതുതായി നിയമിക്കുന്ന വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ അമരീന്ദര്‍ സിംഗ് പക്ഷക്കാരെയും ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ ആണ് ഹൈക്കമാന്‍ഡിന്റെ പദ്ധതി. ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സിദ്ധുവിന്റെ പരസ്യ പ്രസ്താവനയാണ് പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാക്കിയത്.

Top