Navjot Singh Sidhu resign from Rajya Sabha membership

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി നേതാവുമായ നവജ്യോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദുവിനെ ബി.ജെ.പി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്.

രാജിക്കത്ത് ഇന്ന് രാജ്യസഭ സെക്രട്ടറിക്ക് നല്‍കിയേക്കും. കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ച സമയത്ത് സിദ്ദു മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സിദ്ദുവിന്റെ രാജിയെന്നും സൂചനകളുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്ക് പോയ ദിവസം തന്നെയാണ് സിദ്ദുവിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.

കെജ്രിവാള്‍ നേരത്തെ തന്നെ നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

2004 മുതല്‍ 2014 വരെ അമൃത്സറില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു സിദ്ദു. എന്നാല്‍, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നിഷേധിക്കുകയായിരുന്നു.

ഭാര്യയായ നവജ്യോത് കൗര്‍ പഞ്ചാബില്‍ നിന്നുള്ള നിയമസഭാംഗമാണ്. സിദ്ദു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്.

Top