ചണ്ഡീഗഡ് : കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ജൂണ്‍ പത്തിന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് അയച്ചെന്നാണ് ട്വീറ്റില്‍നിന്നു വ്യക്തമാകുന്നത്. സാധാരണ മന്ത്രിമാര്‍ രാജിവയ്ക്കുമ്പോള്‍ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ രാജിക്കത്ത് അയയ്ക്കാറാണു പതിവ്. ഒരു മാസം മുമ്പ് അയച്ച രാജിക്കത്ത് ഞായറാഴ്ചയാണു സിദ്ദു പുറത്തുവിടുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നതയെത്തുടര്‍ന്നാണു രാജിയെന്നാണു വിവരം.
സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയിരുന്നു. പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു.
പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടര്‍ച്ചയായി മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നു.