ഛണ്ഡിഗഡ്: മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭാര്യ നവജ്യോത് കൗര്‍.
അമൃത്സര്‍ ഈസ്റ്റില്‍നിന്ന് സിദ്ദു ജനവിധി തേടുമെന്ന് ഭാര്യയും എംഎല്‍എയുമായ നവജ്യോത് കൗര്‍ സിദ്ദു വ്യക്തമാക്കി
കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്ന നവജ്യോത് കൗറിന്റെ പ്രഖ്യാപനം അനുസരിച്ച് സിദ്ദുവും കോണ്‍ഗ്രസില്‍ ചേരുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നുമാണ് സൂചന. നിലവില്‍ അമൃത്സറിലെ എംഎല്‍എ ആണ് നവജ്യോത് കൗര്‍.
അതേസമയം, പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു മാത്രമേ മത്സരിക്കാന്‍ കഴിയുകയുള്ളൂയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
അതനുസരിച്ചാണെങ്കില്‍ സിദ്ദുവിനും ഭാര്യ നവജ്യോത് കൗറിനും ഒരുമിച്ച് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ സാധ്യതയില്ല. പകുതിയോളം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിശ്ചയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചാണ് സിദ്ദുവിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി.
ഭാര്യാഭര്‍ത്താക്കന്‍മാരില്‍ ആര് മത്സരിക്കണമെന്ന കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നും ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം എന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് മുന്‍പ് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അത് ലക്ഷ്യം കണ്ടിരുന്നില്ല. സിദ്ദു രൂപംകൊടുത്ത ആവാസ് ഇ പഞ്ചാബ് എന്ന പാര്‍ട്ടിയുടെ പിളര്‍പ്പിലേയ്ക്കും ഇത് വഴിവെച്ചിരുന്നു.