കുട്ടികള്‍ അസ്വസ്ഥരാകുന്നു; മാര്‍ക്കിനേക്കാള്‍ പ്രധാനം ഇവരുടെ സന്തോഷമാണ്. . !

ര്‍ട്ടിഫിക്കറ്റിലെ മാര്‍ക്ക് മാത്രമല്ല പ്രാഥമിക വിദ്യാഭ്യാസം എന്ന് വീണ്ടും ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നു എന്നതാണ് ദേശീയ തലത്തില്‍ പുറത്തു വരന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ നവോദയാ സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തിനിടെ 49 കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്നത്.

ദളിത് ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്ത പകുതിയിലധികം പേരും. 2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലെ മാത്രം കണക്കു പരിശോധിച്ചതില്‍ നിന്നാണ് 49 ആത്മഹത്യാ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവുമധികം ആണ്‍കുട്ടികളാണ് സ്വയം ജീവനൊടുക്കിയിരിക്കുന്നത്. ഇതില്‍ ഏഴ് കേസുകളൊഴികെ ബാക്കിയെല്ലാം തൂങ്ങിമരണങ്ങളാണ്.

സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ് ജവഹര്‍ നവോദയാ വിദ്യാലയങ്ങള്‍. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇത്തരം സ്‌കൂളുകളില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

1985-86 സാമ്പത്തിക വര്‍ഷത്തിലാണ് ഇന്ത്യയില്‍ നവോദയാ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. ദാരിദ്രത്തിന്റെ പടുകുഴിയില്‍ പെട്ടു രാജ്യത്തെ ഒരു കൂട്ടം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഈ സംവിധാനം കാരണമായിട്ടുണ്ട്. അക്കാദമിക് മികവ് പുലര്‍ത്തുകയും നല്ല വിജയ ശതമാനം ഉണ്ടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഇവ.

ആകെ സീറ്റുകളുടെ 75 ശതമാനവും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് നീക്കി വച്ചിരിക്കുന്നത്. 6 മുതല്‍ 12-ാം ക്ലാസു വരെയാണ് ഈ പദ്ധതിയില്‍ സൗജന്യ വിദ്യാഭ്യാസം ലഭിക്കുക. നിലവില്‍ 635 സ്‌ക്കൂളുകളും 2.8 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് ഈ പദ്ധതിയുടെ കീഴില്‍ രാജ്യത്ത് ആകെയുള്ളത്.

2017ല്‍ മാത്രം 14 ആത്മഹത്യകളാണ് സ്‌ക്കൂളുകളില്‍ ഉണ്ടായിരിക്കുന്നത്. ലഖ്‌നൗ, ഭോപ്പാല്‍, ഹൈദരാബാദ് സെന്ററുകളിലാണ് ഏറ്റവുമധികം ആത്മഹത്യകള്‍ നടന്നിട്ടുള്ളത്. കൗമാരക്കാരുടെ ദേശീയ ആത്മഹത്യ ശരാശരിയെക്കാള്‍ കൂടുതലാണ് ഈ സ്‌കൂളുകളിലെ ആത്മഹത്യകള്‍ എന്നത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തങ്ങളില്‍ കുറേക്കൂടി ശ്രദ്ധ ആവശ്യമാണ് എന്നാണ് വ്യക്തമാക്കുന്നത്.

പട്ടിക ജാതി വിദ്യാര്‍ത്ഥികളാണ് ഏറ്റവുമധികം ആത്മഹത്യ ചെയ്തിരിക്കുന്നത്. പട്ടികജാതി- വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ആകെ 25 പേരാണ് ഈ കാലയളവില്‍ മരണപ്പെട്ടിരിക്കുന്നത്. 12 ഒബിസി വിദ്യാര്‍ത്ഥികളും സ്വയം ജീവനൊടുക്കി.

കുടുംബ പ്രശ്‌നങ്ങള്‍, പ്രണയം നിരസിക്കുന്നതു കൊണ്ടുള്ള മനോവിഷമം, അധ്യാപകരില്‍ നിന്നുള്ള അവഗണന, പഠനത്തിലെ സമ്മര്‍ദ്ദം, ഡിപ്രഷന്‍, കൂട്ടുകാരുമായുള്ള വഴക്കുകള്‍ തുടങ്ങിയവയൊക്കെയാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്.

വീടുകളില്‍ നിന്ന് മാറി നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വലിയ വീഴ്ച. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതു പോലെ തന്നെ കുട്ടികളുടെ മാനസിക നിലയെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കാനും കഴിയണം.

കേരള സര്‍ക്കാരിനും നവോദയാ വിദ്യാലയങ്ങള്‍ക്ക് സമാനമായ രീതിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിലവിലുണ്ട്. വിദ്യാഭ്യാസ വകുപ്പും പിന്നോക്ക ക്ഷേമ വകുപ്പും ഒരുമിച്ച് നടത്തുന്ന ഈ പദ്ധതിയിലും കുട്ടികളെ ഹോസ്റ്റലുകലില്‍ താമസിച്ച് പഠിപ്പിക്കുന്ന രീതിയാണ് ഉള്ളത്. കൃത്യമായ കൗണ്‍സിലിംഗും മറ്റ് സൗകര്യങ്ങളും ഇവര്‍ക്ക് നല്‍കി വരുന്നുണ്ട്.

കേവലം പുസ്തകത്തിലെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളെ സമൂഹത്തില്‍ പെരുമാറാനും ജീവിക്കാനും ആവശ്യമായ രീതിയില്‍ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകൂ. ഇത് ആവര്‍ത്തിച്ച് പരിശോധിക്കേണ്ട സമയമാണിത്.

Top