മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി മുങ്ങിക്കപ്പലുകള്‍; 45,000 കോടിയുടെ പദ്ധതിയുമായി പ്രതിരോധ മന്ത്രാലയം

submarine

ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നാവികസേനയ്ക്കു വേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ചേര്‍ന്ന് ഉല്‍പാദനം നടത്തുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ആറ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രഖ്യാപനം ഉണ്ടായ വ്യാഴാഴ്ച മുതല്‍ രണ്ടു മാസത്തിനകം താല്‍പര്യം അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കപ്പല്‍നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക. ഇന്ത്യന്‍ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ വെച്ച് അന്തര്‍വാഹിനികളുടെ നിര്‍മാണം നടത്തുക.

ഈ പദ്ധതി സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നത്. കൂടാതെ അന്തര്‍വാഹിനികളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയില്‍ ആധുനിക സാങ്കേതിക ശേഷി കൈവരിക്കാന്‍ ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കാകും.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Top