മുംബൈ: ഇന്ത്യയുടെ കിലോ ക്ലാസ് അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തുനിന്നുളളവര്‍ക്ക് ചോര്‍ത്തി കൊടുത്തതില്‍ രണ്ട് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെ കുറ്റപത്രം.
സിബിഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിരമിച്ച രണ്ട് ഉദ്യോഗസ്ഥന്മാരുടെ പേരും കുറ്റപത്രത്തിലുണ്ട്. ഇന്ത്യയുടെ കിലോ ക്ലാസ് അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട മീഡിയം റീഫിറ്റ് ലൈഫ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയുടെ വാണിജ്യ വിവരങ്ങള്‍ പണത്തിന് വേണ്ടി പുറത്ത് നിന്നുളളവര്‍ക്ക് ചോര്‍ത്തി കൊടുത്തു എന്നാണ് കേസ്.
നാവികസേനയില്‍ നിന്ന് വിരമിച്ച രണ്‍ദീപ് സിങ്, എസ്.ജെ. സിങ് എന്നിവരെ സെപ്റ്റംബര്‍ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കേസ് പുറംലോകമറിയുന്നത്. ഇതില്‍ രണ്‍ദീപില്‍ നിന്ന് ഏകദേശം രണ്ടുകോടി രൂപ കണ്ടെടുത്തുവെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിരമിച്ച എസ്.ജെ. സിങ് ഇന്ത്യയിലെ സേനാ പദ്ധതികളില്‍ താല്‍പര്യമുളള കൊറിയന്‍ കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്.
വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ് ക്വാട്ടേഴ്‌സിലെ കമാന്‍ഡര്‍ അജിത് കുമാര്‍ പാണ്ഡെ, അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്ന മറ്റൊരു കമാന്‍ഡറേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരും കിലോ ക്ലാസ് അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുളള വിവരങ്ങള്‍ വിദേശ കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വിരമിച്ച നാവിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറി എന്നാണ് സിബിഐ വൃത്തങ്ങള്‍ പറഞ്ഞത്. ഒരു റിയര്‍ അഡ്മിറല്‍ ഉള്‍പ്പെടെ കുറഞ്ഞത് പന്ത്രണ്ടോളം പേരെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.