ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് പുത്തന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ നാവികസേന.
ലോകത്തിലേറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയുടെ ഭാഗമാകാന്‍ പോകുകയാണ്. കടലിന്നടിയില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് നാവികസേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഈ മാസം അവസാനം ഐഎന്‍എസ് കല്‍വാരിയുടെ കമ്മീഷനിങ് നടക്കുമെന്നാണ് നാവികസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് കല്‍വാരി. നാവികസേന ഇത്തരത്തില്‍ ആറ് അന്തര്‍വാഹിനികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ആദ്യത്തെതാണ് ഐഎന്‍എസ് കാല്‍വരി.
നിലവില്‍ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികളാണ് ഉള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനിയുടെ വരവ്. ചൈനയ്ക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്.
ഇന്ത്യയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ കരുത്തു പകരുന്ന ഐഎന്‍എസ് കല്‍വാരി മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് നിര്‍മ്മിച്ചത്. 2005-ലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചത്. 23600 കോടിയുടെ കരാറാണ് ആറ് അന്തര്‍വാഹിനിക്കായി ഒപ്പുവെച്ചിട്ടുള്ളത്.
ഇതിന് പുറമെ ആറ് ഡീസല്‍ അന്തര്‍വാഹിനി കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിനായി ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടാണ് നടക്കാന്‍ പോകുന്നത്.
ഐഎന്‍എസ് കല്‍വാരിയുടെ പ്രത്യേകതകള്‍:-
നീളം 61.7 മീറ്റര്‍. കടലിന്നടിയില്‍ 20 നോട്ട് വേഗം( മണിക്കൂറില്‍ 37 കിലോമീറ്റര്‍) ജലോപരിതലത്തില്‍ 12 നോട്ട് വേഗം ( മണിക്കൂറില്‍ 22 കിലോമീറ്റര്‍). കടലില്‍ 1150 അടി ആഴത്തില്‍ സഞ്ചരിക്കും. 18 ടോര്‍പീഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള കഴിവ് ഇതിനുണ്ട്. 40 ദിവസത്തോളം കടലിന്നടിയില്‍ കഴിയാനും 6500 നോട്ടില്‍ മൈല്‍ ദൂരം ( 12,000 കിലോമീറ്റര്‍) വരെ സഞ്ചരിക്കാനും സാധിക്കും. ശത്രുവിന്റെ നിരീക്ഷ സംവിധാനത്തെ കബളിപ്പിച്ച് ഒളിച്ചിരിക്കാനും ഇതിന് കഴിയും. എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം വളരെ കുറവ്.