ആര്യന്റെ അറസ്റ്റിനു പിന്നില്‍ യോഗി, സമീര്‍ വാങ്കടെ അന്വേഷണത്തെ ഭയക്കുന്നെന്ന് നവാബ് മാലിക്

മുംബൈ: ബോളിവുഡിലെ ലഹരി വേട്ട ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് പുറമെ സിനിമാ താരങ്ങളുമായുള്ള കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ആരോപണം അഴിച്ചുവിട്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ പ്രാധാന്യമുള്ള ഒന്നും തന്നെയില്ല. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റുക എന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. ഗൂഢാലോചന ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് നവാബ് മാലിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാത്രമല്ല, പേടികാരണം എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കടെ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സമീര്‍ വാങ്കടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കേസിന്റെ ഗതി തന്നെ മാറിയിരിക്കുകയാണ്. സമീര്‍ വാങ്കടെ തെറ്റ് ചെയ്തിട്ടുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹത്തിനെതിരായ അന്വേഷണത്തില്‍ ഭയക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Top