നവാസ് ഷരീഫിന് ജയിലില്‍ സൗകര്യങ്ങള്‍ കുറവെന്ന ആരോപണവുമായി മകന്‍

റാവല്‍പിണ്ടി: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ജയിലില്‍ മോശം സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോപണം. ‘ബി’ ക്ലാസ് നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭിക്കേണ്ട നവാസ് ഷരീഫിന് ജയിലില്‍ കിടക്കയില്ലെന്നും ശുചിമുറി നാളുകളായി വൃത്തിഹീനമായ അവസ്ഥയിലാണെന്നും ഷരീഫിന്റെ മകന്‍ ഹുസൈന്‍ നവാസ് ഷരീഫ് ആരോപിച്ചു.

sherif-son
ജനപ്രതിനിധികളോട് ആദരവോടെ പെരുമാറുന്ന കീഴ് വഴക്കം നിലവില്‍ പാക്കിസ്ഥാനില്‍ ഇല്ല. എന്നാല്‍ അവയൊക്കെ അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശമാണെന്നും ഹുസൈന്‍ നവാസ് ഷരീഫ് ട്വിറ്ററില്‍ കുറിച്ചു. റാവല്‍പണ്ടിയിലെ അഡിയാല ജയിലിലാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയം ഷെരീഫിനെയും പാര്‍പ്പിച്ചിരിക്കുന്നത്. ഭാര്യ കുല്‍സുമിന്റെ ചികിത്സാര്‍ഥം ലണ്ടനിലായിരുന്ന ഷരീഫും മകളും വെള്ളിയാഴ്ച രാത്രി ലാഹോറില്‍ വിമാനം ഇറങ്ങവേയാണ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയായിരുന്ന 1990 കളില്‍ അഴിമതിപ്പണമുപയോഗിച്ചു ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാലു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്ന കേസിലാണ് എന്‍എബി കോടതി കഴിഞ്ഞയാഴ്ച ഷരീഫിനു പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. മറിയത്തിന് ഏഴു വര്‍ഷം തടവാണു ലഭിച്ചത്.

Top