ഇസ്ലാമാബാദ്: പാനമ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയം നവാസിനെയും മരുമകന്‍ മുഹമ്ദ് സഫ്ദറിനെയും ജാമ്യം നല്‍കി വിട്ടയയ്ക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്. കേസില്‍ വിചാരണക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പാനമ കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ ഉടന്‍ തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് പാക്ക്
പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുലക്ഷം പാക്ക് രൂപയുടെ ബോണ്ടിലാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുന്നുപേരും ഇത്രയും തുകവീതം ബോണ്ടായി നല്‍കണം.
നവാസ് ഷെരീഫും മരുമകന്‍ സഫ്ദറും ചേര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്. വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നുമാണ് കേസ്. തൊണ്ണൂറുകളില്‍ പ്രധാന മന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശ രാജ്യത്ത് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
2013ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികള്‍ മറച്ചു വെയ്ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമര്‍ശമുണ്ടായിരുന്നു.