അഴിമതിക്കേസ്; ഷെരീഫിന്റെ മക്കള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് വേണമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: അഴിമതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രണ്ട് മക്കള്‍ക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് പാക്കിസ്ഥാന്‍. ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് പാക്കിസ്ഥാന്‍ ഇന്റര്‍പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പനാമ അഴിമതി കേസില്‍ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെ നിലവില്‍ പാക്കിസ്ഥാനില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണെന്നും നവാസിന്റെ മക്കള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയര്‍മാന്‍ ജാവദ് ഇക്ബാല്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ നവാസ് ഷെരീഫിനും പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചിരുന്നു. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഷെരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പനാമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക്ക് സുപ്രീംകോടതി നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷെരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്

Top