ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) വിജയിച്ചാൽ പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫ് ആയിരിക്കും പ്രധാനമന്ത്രിയെന്ന് സഹോദരനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അറിയിച്ചു. ചികിത്സയ്ക്ക് ലണ്ടനിലുള്ള നവാസ് ഷരീഫ് വൈകാതെ മടങ്ങിയെത്തുമെന്നും നിയമനടപടികൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ 7 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുമ്പോൾ 2019 ൽ കോടതിയുടെ അനുമതിയോടെ ചികിത്സയ്ക്ക് ലണ്ടനിലേക്കു പോയ നവാസ് പിന്നീട് നാട്ടിലേക്കു വന്നിട്ടില്ല. പാനമ പേപ്പേഴ്സ് കേസിൽ 2017 ൽ സുപ്രീംകോടതി വിധിയെ തുടർന്ന് പൊതു ഭരണച്ചുമതലകൾ വഹിക്കുന്നതിന് അദ്ദേഹത്തിന് ആജീവനാന്ത വിലക്കുണ്ട്.