‘മീടു’വിനെ കുറിച്ചുള്ള ചോദ്യം; ഒഴിഞ്ഞു മാറി നവാസുദ്ദീന്‍ സിദ്ദിഖി

ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെയുള്ള മീടു ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നവാസുദ്ദീന്‍ സിദ്ദിഖി. അതേ കുറിച്ച് സംസാരിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും താല്‍പര്യമില്ലെന്നുമായിരുന്നു സിദ്ദിഖിയുടെ മറുപടി.

ഒരുപാട് വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതെന്നും കരിയറാണ് പ്രധാനമെന്നും സിദ്ദിഖി വ്യക്തമാക്കി. എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.ശിവസേന നേതാവായിരുന്ന ബാല്‍താക്കറെയുടെ ജീവിത കഥ ചിത്രീകരിക്കുന്ന ബാല്‍താക്കറെയാണ് സിദ്ദിഖിയുടെ റിലീസാകാനിരിക്കുന്ന ചിത്രം.

സഞ്ജു എന്ന ചിത്രത്തിലെ സഹപ്രവര്‍ത്തകയാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ആരോപണമുന്നയിച്ച് രംഗത്ത് എത്തിയിരുന്നത്. ഹിരാനി ലൈംഗിക ചുവകലര്‍ന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് താക്കീത് ചെയ്തതായി അവര്‍ പറയുന്നു.

തുടര്‍ന്ന് ആറുമാസം മാനസീകമായും ശാരീരികമായും ദുരുപയോഗം ചെയ്തതായും അവര്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി എന്നിവര്‍ക്ക് അവര്‍ വിവരങ്ങള്‍ ധരിപ്പിച്ച് മെയില്‍ അയച്ചിരുന്നു.

രാജ്കുമാര്‍ ഹിറാനി നേരില്‍ ഇതുവരെ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഹിറാനിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്.

Top