ചെറിയ വേഷങ്ങൾ ചെയ്തിരുന്ന സമയത്തെ അവഗണനകളെ കുറിച്ച് നവാസുദ്ദീൻ സിദ്ദിഖി

മുംബൈ: സിനിമലോകത്തേക്ക് ആദ്യം എത്തിയപ്പോള്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് ഏറെ അപമാനം നേരിട്ടിട്ടുണ്ടെന്ന് നടന്‍ നവാസുദ്ദീൻ സിദ്ദിഖി. അനുരാഗ് കശ്യപിന്റെ ഗ്യാംഗ്സ് ഓഫ് വാസിപൂർ: പാര്‍ട്ട് 2ലൂടെ പേര് എടുക്കും മുന്‍പ് നവാസുദ്ദീൻ സിനിമാ മേഖലയിൽ വർഷങ്ങളോളം ചെറുവേഷങ്ങളിലായിരുന്നു. അന്ന് പല സിനിമകളിലെ വേഷങ്ങളില്‍ പ്രതിഫലം പോലും കിട്ടിയില്ലെന്ന് താരം പറയുന്നു.

അന്ന് മുൻനിര താരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു അതിന്റെ പേരില്‍ തന്നെ സെറ്റില്‍ നിന്നു തന്നെ പുറത്താക്കിയിട്ടുണ്ടെന്നും നവാസുദ്ദീൻ പറയുന്നു. അന്ന് താന്‍ മുഴുവന്‍ ഒരു ഇഗോ നിറഞ്ഞ വ്യക്തിയായിരുന്നു. ഇത്തരം അപമാനം അന്ന് താങ്ങാന്‍ സാധിക്കില്ലായിരുന്നുവെന്നും നവാസുദ്ദീൻ പറയുന്നു. സിനിമയിലെ തുടക്കകാലത്ത് സിനിമ രംഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടോ എന്ന എന്ന ചോദ്യത്തിനാണ് നവാസുദ്ദീൻ സിദ്ദിഖി ബിബിസി ഹിന്ദി അഭിമുഖത്തില്‍ തന്റെ അനുഭവം പറഞ്ഞത്.

“തീർച്ചയായും, ആയിരക്കണക്കിന് തവണ അപമാനം നേരിട്ടു. ചിലപ്പോൾ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ ബോയിയോട് ഞാൻ വെള്ളം ചോദിക്കും, അയാള്‍ എന്നെ കണ്ടതായി പോലും ഭാവിക്കില്ല. പൂര്‍ണ്ണമായും അവഗണിക്കും. പിന്നീടാണ് ആ പരിഗണന താന്‍ സ്വയം നേടേണ്ടതാണെന്ന് മനസിലായത്.

ഇവിടെയുള്ള ധാരാളം സിനിമ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്നതില്‍ അഭിനേതാക്കള്‍ക്കിടയില്‍ വേര്‍തിരിവുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേറെയിടത്താണ് ഭക്ഷണം, സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്ക് മറ്റൊരു ഇടമുണ്ട്, പ്രധാന നായകന്മാര്‍ക്ക് വേറെ ഇടമുണ്ട്. എന്നാല്‍ യാഷ് രാജ് പോലെ ചില പ്രൊഡക്ഷന്‍ ഇടങ്ങളില്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഇടങ്ങളുമുണ്ട്. എന്നാല്‍ പലയിടത്തും ഈ പതിവ് ഇല്ല.

ഇത്തരത്തില്‍ ഒരു സെറ്റില്‍ പ്രധാന നടന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നയിടത്ത് നിന്നും ഞാന്‍ ഭക്ഷണം കഴിക്കാന്‍ നോക്കി. പക്ഷെ അവര്‍ എന്നെ കോളറിന് പിടിച്ച് പുറത്താക്കി. അന്ന് ഇഗോയാല്‍ നയിക്കപ്പെട്ട ഒരാളായിരുന്നു ഞാന്‍ എനിക്ക് നല്ല ദേഷ്യം വന്നു. ആ നടന്മാര്‍ എന്നെ ആദരിക്കണം. അവര്‍ എന്നെ ഒപ്പം ഭക്ഷണം കഴിക്കാന്‍ വിളിക്കും എന്നൊക്കെയാണ് അന്ന് ഞാന്‍ കരുതിയത് ” – നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

Top