ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ പാക് താരങ്ങള്‍ ഇന്ത്യവിട്ടു പോകുന്നതാണ് നല്ലതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി.
മീററ്റില്‍ നടന്ന ഒരു പത്രസമ്മേളനത്തിലായിരുന്നു സിദ്ദിഖി മനസു തുറന്നത്. ബജ്റംഗി ഭായ്ജാന് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സല്മാന് ഖാന് നായകനായെത്തുന്ന ചിത്രത്തില്‍ സിദ്ദിഖി ഒരു പാക് മാധ്യമ പ്രവര്‍ത്തകന്റെ വേഷമാണ് ചെയ്യുന്നത്.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ട് പോകണമെന്നും ഇവരെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.
എന്നാല്‍ സല്മാന് ഖാന്, രാധികാ ആപ്തെ തുടങ്ങിയവര്‍ പാക് താരങ്ങളെ പിന്തുണച്ച് സംസാരിച്ചിരുന്നു.
ഞാന്‍ ബോളിവുഡില്‍ ഏത് ചേരിയിലാണ് എന്നതല്ല കാര്യം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം കൂടുതല്‍ ഗുരുതരമാവുകയാണ്. അതിനാല്‍ പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ടു പോവുകയാണ് ഇപ്പോള്‍ നല്ലത്.
ഇത് നമ്മുടെ രാജ്യത്തെ സംബന്ധിക്കുന്ന കാര്യമാണ്. രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നും തനിക്കില്ലെന്നും സിദ്ദിഖി പറഞ്ഞു.