ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പിന്മാറുകയാണെന്ന് ബോളുവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങള്‍/ സീരീസ് നിലവാരമില്ലാത്തതാണെന്ന് താരം കുറ്റപ്പെടുത്തി. എല്ലാ ചവറുകളും കൊണ്ടു തള്ളുന്ന ഇടമായി ഒടിടി മാറുകയാണെന്ന് താരം അഭിപ്രായപ്പെട്ടു. ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റലീസ് ചെയ്യുന്ന മിക്ക പരിപാടികളും നിലവാരമില്ലാത്തവയാണ്. സാക്രഡ് ഗെയിംസ് ചെയ്തപ്പോള്‍ വലിയ ആവേശത്തിലായിരുന്നു ഞാന്‍. കഴിവുള്ള ഒട്ടനവധി പേര്‍ക്ക് അവസരം ലഭിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഒടിടയെന്ന് ആ സമയങ്ങളില്‍ കരുതി. എന്നാല്‍ പതിയെ ആ പുതുമ നഷ്ടമായി. വലിയ പ്രൊഡക്ഷനുകളും അഭിനേതാക്കളും ഇപ്പോള്‍ ഒടിടിയില്‍ സ്റ്റാറുകളാണ്. ഈ സ്റ്റാര്‍ സിസ്റ്റമാണ് ബിഗ്‌സ്‌ക്രീനിനെ നശിപ്പിച്ചത്. ഒടിടിയിലും ഇനി അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്ഡൗണിന് മുമ്പ് രാജ്യത്തെ 3000 തീയേറ്ററുകളിലായി സൂപ്പര്‍ സ്റ്റാറുകളുടെ നിരവധി സിനിമകള്‍ റിലീസ് ചെയ്തിരുന്നു. അന്ന് അത് കാണുന്നതിന് അവര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ട്’. നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.