ഹരിയാനയില്‍ നയാബ് സിങ് സൈനി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും

ഹരിയാനയില്‍ നയാബ് സിങ് സൈനി സര്‍ക്കാര്‍ ഇന്ന് രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയാബ് സിങ് സൈനി വ്യക്തമാക്കി. 48 എംഎല്‍എമാരുടെ പിന്തുണ ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനമൊഴിയുന്ന ഖട്ടർ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായും സൈനി പറഞ്ഞു.

നിലവില്‍ 90 അംഗ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരില്‍ ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാര്‍ട്ടി എംഎല്‍എ ഗോപാല്‍ കാണ്ഡയുടെയും പിന്തുണയുണ്ട്. ജെജെപിയുടെ അഞ്ച് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസിന് 30 അംഗങ്ങളും ഇന്ത്യൻ നാഷണൽ ലോക്ദളിന് (ഐഎൻഎൽഡി) ഒരു എംഎൽഎയുമാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നതകൾക്കിടെയാണ് ജെജെപിയും ബിജെപിയും തമ്മിലുള്ള സഖ്യം തകർന്നത്. ജെജെപിയുമായുള്ള ബിജെപി സഖ്യം വേർപിരിഞ്ഞു.

മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം നല്‍കിയതിന് പ്രധാനമന്ത്രി മോദി, പാര്‍ട്ടി പ്രസിഡന്റ് ജെപി നദ്ദ, കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും നയാബ് സിങ് സൈനി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജെജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെയാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാക്കളായ കന്‍വാര്‍ പാല്‍ ഗുജ്ജര്‍, മുല്‍ചന്ദ് ശര്‍മ എന്നിവര്‍ക്കൊപ്പം സ്വതന്ത്ര എംഎല്‍എ രഞ്ജിത്ത് സിംഗും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Top