ജീവിച്ചിരിക്കെ തന്നെ കമ്യൂണിസ്റ്റുകളെ വില്ലന്‍മാരായി കാണുന്നവരാണ് കുത്തക മാധ്യമങ്ങള്‍ ഈ കമ്യൂണിസ്റ്റുകള്‍ മരിച്ചു കഴിഞ്ഞാല്‍ പോലും ഇല്ലാക്കഥകള്‍ മെനയുന്നതിലും ഇക്കൂട്ടര്‍ മിടുക്കരാണ്. ഇതെല്ലാം നാട് പലവട്ടം കണ്ടിട്ടുള്ളതുമാണ്. വിപ്ലവ നക്ഷത്രം കെ.ആര്‍ ഗൗരിയമ്മയുടെ മരണത്തിനു ശേഷവും ഇത്തരം നിറംപിടുപ്പിച്ച ഇല്ലാക്കഥകളാണ് പത്ര മുത്തശ്ശിയുള്‍പ്പെടെ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാധ്യമങ്ങള്‍ക്കെല്ലാം ചുട്ട മറുപടി തന്നെ ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വിചാരണ ചെയ്യപ്പെടുന്ന പുതിയ കാലമാണിത്. അത് ഓര്‍ക്കാതെ മനേജ്‌മെന്റ് താല്‍പ്പര്യത്തിനായി തൂലിക ചലിപ്പിച്ചവര്‍ക്കാണ് എട്ടിന്റെ പണി തന്നെ ലഭിച്ചിരിക്കുന്നത്. ഇത് നല്‍കിയതാകട്ടെ പ്രമുഖരായ രണ്ടു സി.പി.എം നേതാക്കളുമാണ്. സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് എന്‍.എന്‍.കൃഷ്ണദാസും എം സ്വരാജും നല്‍കിയ ഉശിരന്‍ മറുപടി ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കു കൂടിയാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഗൗരിയമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പും ഗൗരിയമ്മയേയും പരാമര്‍ശിക്കുന്ന ‘കേരം തിങ്ങും കേരള നാട്ടില്‍’ എന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നത്. ആ തെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ മത്സരിച്ചിട്ടില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനു കാരണമായത്.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത ഇ കെ നായനാരെ ഇഎംഎസ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം എല്‍പ്പിച്ചുവെന്നാണ് മനോരമയുടെ വാര്‍ത്തയില്‍വ്യക്തമാക്കിയിരുന്നത്. 87 ലെ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍നിന്നും ഇ.കെ നായനാര്‍ മത്സരിച്ചു ജയിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചു വച്ചായിരുന്നു ഈ വാര്‍ത്ത. സി.പി.എം നേതാക്കളെ ഏറെ പ്രകോപിപ്പിച്ച വാര്‍ത്തയാണിത്. ഇപ്പോള്‍ തെളിവുകള്‍ സഹിതമാണ് ഈ വാര്‍ത്തയിലെ പൊള്ളത്തരം സി.പി.എം നേതാക്കള്‍ പൊളിച്ചടുക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കെ കുഞ്ഞികൃഷ്ണനെതിരെ 56,037 വോട്ടുകള്‍ നേടിയാണ് അക്കാലത്ത് നായനാര്‍ തൃക്കരിപ്പൂരില്‍നിന്നും ജയിച്ചിരുന്നത്.തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ വസ്തുത മറച്ചു വച്ച് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ് പത്ര മുത്തശ്ശിക്ക് തിരിച്ചടിയായിരിക്കുന്നത്.
1987 മാര്‍ച്ച് 23ന് ചീമേനിയില്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയായിരുന്ന സിപിഐ എം പ്രവര്‍ത്തകരെ പാര്‍ടി ഓഫീസിന് തീവെച്ചും വെട്ടിയും കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അഞ്ച്‌പേരാണ് അന്നു അവിടെ കൊല്ലപ്പെട്ടിരുന്നത്. പ്രതികളെല്ലാം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. ചീമേനിയില്‍ അന്ന് വീണ ചോരയും കരിഞ്ഞ മാംസവും കണ്ടാണ് നായനാര്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയിരുന്നത്. ആ നായനാരെ ‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയാകാന്‍ വണ്ടി കയറിയ ആളാക്കി ചിത്രീകരിച്ചാല്‍ ‘ അനുവദിച്ച് കൊടുക്കുന്ന പ്രശ്‌നമില്ലന്നാണ് എന്‍.എന്‍ കൃഷ്ണദാസും എം സ്വരാജും തുറന്നടിച്ചിരിക്കുന്നത്.
പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നായനാരെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ല്‍ മാത്രമാണ്. അന്ന് ഗൗരിയമ്മയാകട്ടെ സിപിഎമ്മില്‍ തന്നെ ഉണ്ടായിരുന്നില്ല. ഗൗരിയമ്മയെ സി.പി.എം അവഗണിച്ചു എന്നതു സ്ഥാപിക്കാന്‍ നല്‍കിയ ഈ വാര്‍ത്ത മറ്റു ചില മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് വിശദീകരണവുമായി സി.പി.എം നേതാക്കള്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.ചരിത്രബോധത്തിന്റെ ഈ ആന മണ്ടത്തരം തിരുത്തി മനോരമ കേരളത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് എന്‍.എന്‍ കൃഷ്ണദാസ് ആവശ്യപ്പെട്ടിരിക്കുന്നത്.
‘1987ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ.കെ.നായനാരെ ഇ.എം.എസ് തിരുവനന്തപുരത്തെക്ക് വിളിപ്പിച്ചു മുഖ്യ മന്ത്രി സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു’ എന്ന ലേഖകന്റെ ചരിത്ര ബോധത്തെയും കൃഷ്ണദാസ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ശരിക്കും പരിഹസിച്ചിട്ടുമുണ്ട്. 1982 മുതല്‍ 87വരെയുള്ള കരുണാകര ഭരണം സംസ്ഥാന രൂപീകരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും സമരഭരിതമായ കാലമായിരുന്നു എന്ന കാര്യവും കൃഷ്ണദാസ് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ആ സമരഭരിത കാലത്തെ ഉജ്വലമായി നയിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവ് കൂടിയായ ഇ.കെ.നായനാര്‍ ആയിരുന്നു. ആ പോരാട്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു 1987ലെ സര്‍ക്കാറെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഏറ്റവും സജീവമായ ഒരു സമരകാലത്ത് ജനങ്ങളെ നയിച്ച പ്രതിപക്ഷ നേതാവ് നയിക്കുന്ന തെരഞ്ഞെടുപ്പില്‍ ആ പ്രതിപക്ഷ നേതാവ് തന്നെയായിരിക്കും ഭൂരിപക്ഷം കിട്ടിയാല്‍ സര്‍ക്കാരിനെയും നയിക്കുക എന്ന കാര്യവും കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യവുമാണ്. ഇ.എം.എസ് ‘വിളിച്ചു വരുത്തി’ സ്വകാര്യമായി കൊടുക്കുന്ന ‘മിട്ടായി’ പൊതിയാണോ മുഖ്യമന്ത്രി ചുമതല എന്ന മാസ് ചോദ്യവും കൃഷ്ണദാസ് മുന്നോട്ട് വച്ചിട്ടുണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി മനസ്സിലാക്കാത്ത ലേഖകന്റെ അപാര ‘വൈഭവത്തെയും ‘ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. മനോരമയുടെ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയ്ക്ക് കേരളത്തോളം പഴക്കമുള്ളതാണെന്ന് തുറന്നടിച്ച കൃഷ്ണദാസ് ആ ‘കുപ്രസിദ്ധിക്ക്’ ഈ തെരെഞ്ഞെടുപ്പിലും കോട്ടം വരാതിരിക്കാന്‍ അവര്‍ നന്നായി ശ്രമിച്ച കാര്യവും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഗൗരിയമ്മയുടെ മരണവേളയില്‍ പോലും സിപിഎംന്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേര്‍ന്ന് ശ്രമിയ്ക്കുന്നതെന്നാണ് എം സ്വരാജ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചിരിക്കുന്നത്.
1987 ലെ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി മനോരമയും ചില ചാനലുകളും നുണക്കഥയാണ് പടച്ച് വിട്ടതെന്നാണ് സ്വരാജും ആരോപിക്കുന്നത്. ചാനലുകള്‍ തിരുത്തിയാലും തങ്ങള്‍ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നതെന്നാണ് സ്വരാജ് ഉയര്‍ത്തുന്ന ചോദ്യം. സിപിഎം വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോള്‍ ഭാവനകള്‍ ആകാശത്തെയും മറികടക്കുമെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. നായനാരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996 ലെ തിരഞ്ഞെടുപ്പിലാണെന്നും അന്ന് ഗൗരിയമ്മ സി.പി.എമ്മില്‍ ഇല്ലാത്തതിനാല്‍ ദയവായി ഗൗരിയമ്മയെ ഒതുക്കാനാണെന്ന് മാത്രം പറയരുതെന്ന അപേക്ഷയും സ്വരാജ് പരിഹാസത്തോടെ മുന്നോട്ട് വച്ചിട്ടുണ്ട്.
ഒരു ലേഖകന് പറ്റിയ തെറ്റായി മനോരമയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഈ ലേഖനത്തെ വിലയിരുത്തുമ്പോള്‍ മനപൂര്‍വ്വം വരുത്തിയ തെറ്റായാണ് സി.പി.എം പ്രവര്‍ത്തകര്‍ ഈ വാര്‍ത്തയെ വിലയിരുത്തുന്നത്. അവരുടെ പ്രതിഷേധമാകട്ടെ സോഷ്യല്‍ മീഡിയകളിലും കത്തിപ്പടരുകയാണ്. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന് വിശ്വസിക്കുന്ന സഖാക്കള്‍ അക്കാര്യവും കമന്റുകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് ആര് ഏത് പദവി വഹിക്കണം എന്നതെന്നും ഇക്കാര്യത്തില്‍ ഇന്നുവരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ലന്നും സി.പി.എം പ്രവര്‍ത്തകര്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.
എ.കെ.ജി പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായതും ഇ.എം.എസ് മുതല്‍ വി.എസും പിണറായിയും വരെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതും കമ്യൂണിസ്റ്റു പാര്‍ട്ടി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് അവരുടെ നിലപാട്. സാക്ഷാല്‍ ഗൗരിയമ്മ പോലും കേരളത്തിന്റെ വീര പുത്രിയായി മാറിയത് ചെങ്കൊടി പിടിച്ചത് കൊണ്ട് മാത്രമാണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എതിര്‍ശബ്ദങ്ങള്‍ കൂടിയാണ് ഇവിടെ തകര്‍ന്നടിയപ്പെടുന്നത്.