തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ മുന്‍നിരയിലാണ് നയന്‍താരയുടെ സ്ഥാനം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ആരാധകരെ നേടിയ നയന്‍സ് ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എത്താന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതും ഏതൊരു അഭിനേതാവിനും ആവേശം പകരുന്ന ഒരു പ്രോജക്റ്റിലൂടെ.
ബാഹുബലി നിര്‍മ്മാതാക്കളും സംവിധായകനുമായ അര്‍ക്ക മീഡിയ വര്‍ക്ക്‌സും എസ് എസ് രാജമൗലിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ വെബ് സിരീസ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ ആവും നയന്‍താരയുടെ ആദ്യ വെബ് സിരീസ് എന്നാണ് അറിയുന്നത്. എന്നാല്‍ പ്രധാന കഥാപാത്രം എന്നല്ലാതെ ഏത് കഥാപാത്രം എന്നത് പുറത്തെത്തിയിട്ടില്ല. ബാഹുബലി സിനിമകളില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ‘ശിവകാമി’യെ സിരീസില്‍ അവതരിപ്പിക്കുക വമിഖ ഗബ്ബിയാണ്.
2018 ഓഗസ്റ്റില്‍ നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണിത്. ദേവ കട്ട, പ്രവീണ്‍ സട്ടാരു എന്നിവര്‍ സംവിധായകരായി പിറ്റേമാസം ഇതിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെ ചിത്രീകരിച്ച ഭാഗങ്ങളത്രയും നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചുവെന്നും ചിത്രീകരണം പുതിയ ടീമിനെക്കൊണ്ട് ആദ്യം മുതല്‍ ആരംഭിക്കുകയാണെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളെത്തി.
‘ബാഹുബലി: ദി ബിഗിനിംഗി’ന് പ്രീക്വല്‍ ആയാണ് സിരീസിന്റെ ആദ്യ ഒന്‍പത് എപ്പിസോഡുകള്‍ വരുന്നത്. ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവകാമി, ചതുരംഗ, ക്വീന്‍ ഓഫ് മഹിഷ്മതി എന്നീ നോവലുകളെ ആസ്പദമാക്കിയാണ് ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് വരുന്നത്.