തെന്നിന്ത്യന്‍ സിനിമാലോകത്ത് മാത്രമല്ല ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ അത്ഭുതമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ ജയറാമിന്റെ നായികയായി അഭിനയലോകത്തേക്ക് കാലെടുത്ത് വച്ച നയന്‍താരയ്ക്ക് ഇന്നു വരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഒപ്പം വന്നവരും അതിനു ശേഷം വന്നവരുമെല്ലാം കാലിടറി വീണ നായിക പദവിയില്‍ ഇപ്പോഴും ശക്തമായി നിലനിന്നു വരികയാണ് നയന്‍സ്. പൊങ്കലിന് പുറത്തിറങ്ങിയ തമിഴ് സിനിമ വിശ്വാസം നയന്‍താരയുടെ താര കീരീടത്തിനു മേല്‍ ഒരു പൊന്‍തൂവലാണ്.
അജിത്ത് നായകനായ ഈ തമിഴ് സിനിമയില്‍ ശക്തമായ കഥാപാത്രത്തെ മുഴുനീളെ അവതരിപ്പിച്ചാണ് നയന്‍താര വിസ്മയം തീര്‍ത്തിരിക്കുന്നത്. ഇത്രയും മാര്‍ക്കറ്റുള്ള ഒരു നായിക നടിയും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലില്ല എന്നതില്‍ കേരളത്തിനും അഭിമാനിക്കാം.
2003ലാണ് സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയില്‍ നായികയായി നയന്‍താര ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. നീണ്ട 16 വര്‍ഷമായിട്ടും ഇതുവരെ താരപദവിയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. മനസ്സിനക്കരെയുടെ വിജയത്തിനു ശേഷം താരരാജാവ് മോഹന്‍ലാലിന്റെ നായികയായാണ് നയന്‍സ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. ഇത് തമിഴിലേയ്ക്കുള്ള വഴി തുറന്നു. ശരത്കുമാറിന്റെ നായിക വേഷത്തിലാണ് തമിഴിലേയ്ക്കുള്ള നയന്‍സിന്റെ പഞ്ച് എന്‍ട്രി. ചന്ദ്രമുഖിയിലൂടെ സാക്ഷാല്‍ രജനീകാന്തിന്റെ നായികയായി രണ്ടാമത്തെ ഹിറ്റ് ചിത്രം.
വീണ്ടും മോളിവുഡില്‍തിരിച്ചെത്തിയ നയന്‍താര മമ്മൂട്ടിയുടെ നായികയായി രാപ്പകല്‍, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചു. വീണ്ടും തമിഴിലും തെലുങ്കിലും അഭിനയിച്ച് നയന്‍താര സൗത്ത് ഇന്ത്യന്‍ ആരാധകരുടെ ഹരമായിമാറി. ഇതിനിടയില്‍ ചിമ്പുവുമായുള്ള പ്രണയവും പരാജയവും നയന്‍സിനെ ഗോസിപ്പുകളിലെ സ്ഥിരം ഇരയാക്കി മാറ്റി. പ്രഭുദേവയുമായുള്ള ബന്ധമാണ് നയന്‍സിനെ പിടിച്ചുലച്ച ഒരു കാര്യം.
പ്രഭുദേവയുടെ കുടുംബത്തെയും ഇത് ബാധിച്ചു. ഈ ബന്ധം പരാജയപ്പെട്ടത് നയന്‍താരയെ ഒരു വര്‍ഷത്തോളം അഭിനയത്തില്‍നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും ആറ്റ്ലിയുടെ രാജ റാണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ നയന്‍താര ശക്തമായ തിരിച്ചുവരവു നടത്തുകയായിരുന്നു. നാനും റൗഡി താ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ്വറുമായി ഇപ്പോല്‍ നയന്‍താര പ്രണയത്തിലാണ്.
നയന്‍താര അഭിനയിച്ച മായ, ഡോറാ, അറം, കൊലംമാവ് കോകില, ഇമൈക നൊടികള്‍ എന്നീ ചിത്രങ്ങള്‍ നയന്‍തായുടെ ക്രെഡിറ്റില്‍ വിജയിച്ചവയാണ്. ഈ ചിത്രങ്ങളോടെ നയന്‍താര സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര നായിക ആയി മാറി. .
സൗത്ത് ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആരാധകരുള്ള നടിയും, ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടിയും മലയാളത്തിന്റെ സ്വന്തം നയന്‍സ് തന്നെ. ഒരു മലയാള സിനിമയ്ക്ക് 1 കോടി രൂപയും മറ്റ് ഭാഷയിലെ ചിത്രങ്ങള്‍ക്ക് 5 കോടി രൂപയുമാണ് ഇവരുടെ പ്രതിഫലം.
ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ നയന്‍താര ഇടം പിടിച്ചിട്ടുണ്ട്. നടന്‍ മമ്മൂട്ടിയാണ് മറ്റൊരാള്‍. ദക്ഷിണേന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു വനിതയായ നയന്‍താരയ്ക്ക് 68-ാം സ്ഥാനമാണുള്ളത്.
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴില്‍ രജനീകാന്ത്, വിജയ്, അജിത്ത്, തുടങ്ങിയവര്‍ക്കൊപ്പവും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നയന്‍താരക്ക് സാധിച്ചു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലും നയന്‍സ് തന്നെയാണ് മുന്നില്‍. ഈ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റാണ്.