ചെന്നൈ: അടുത്തിടെ ഒരു അഭിമുഖത്തില്‍ നയന്‍താര തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. അത് സിനിമ മേഖലയിലെ വിവാദ വിഷയമായ ‘കാസ്റ്റിംഗ് കൗച്ച്’ സംബന്ധിച്ചാണ്. തന്റെ അനുഭവം തന്നെയാണ് നയന്‍സ് വിവരിച്ചത്. സിനിമയുടെ പ്രധാനപ്പെട്ട അണിയറക്കാര്‍ക്ക് ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ചലച്ചിത്ര രംഗത്ത് പ്രധാന റോളുകള്‍ നല്‍കുന്നതിനെയാണ് ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് വിശേഷിപ്പിക്കുന്നത്.
ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കഴിവിന്റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് ഞാന്‍ മറുപടി നല്‍കിയെന്ന് അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നയന്‍താരയുടെ വെളിപ്പെടുത്തലുകൾ സിനിമ മേഖലയിലെ ഗുരുതരമായ ഈ പ്രശ്നത്തെക്കുറിച്ചും മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും പുതിയ സംവാദത്തിന് തുടക്കമിട്ടേക്കാം. ‘കാസ്റ്റിംഗ് കൗച്ച്’ പ്രശ്നം വളരെക്കാലമായി സിനിമ രംഗത്ത് നിലനിൽക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന നയന്‍സിന്റെ വെളിപ്പെടുത്തൽ.
തന്റെ ഇരട്ടകുട്ടികള്‍ക്ക് വേണ്ടി സിനിമ രംഗത്ത് നിന്നും മാസങ്ങളുടെ ഇടവേളയെടുത്തതാണ് നയന്‍താര. എന്നാല്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്റെ ഷൂട്ടിംഗില്‍ ഉടന്‍ തന്നെ താരം ചേരും. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ജവാന്‍.
മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലി താരം അനുഷ്ക ഷെട്ടിയും കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. കർശനമായ നിയമങ്ങൾ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്ക ഷെട്ടി പറഞ്ഞത്.