എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കാന്‍ സാധ്യത; രാഹുലും ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ശരത് പവാറിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ലയനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും മഹാരാഷ്ട്രയിലെ വരള്‍ച്ചയെക്കുറിച്ചും രാഹുലുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം എന്‍സിപി- കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാധ്യതകളും തേടുമെന്നും അവര്‍ പറഞ്ഞു.

Top