ന്യൂഡല്‍ഹി:എന്‍സിപി ഇടതുമുന്നണിയില്‍ തുടരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍. ഡല്‍ഹിയില്‍ ശരത് പവാറിന്റെ വീട്ടില്‍ കേരളത്തിലെ എന്‍സിപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പട്ടേല്‍. പാലാ അടക്കം പാര്‍ട്ടി നേരത്തെ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലിനെ ശരത് പവാര്‍ നിയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു ഇടത് നേതാക്കളുമായും പ്രഫുല്‍ പട്ടേല്‍ ഉടന്‍ ചര്‍ച്ച നടത്തും.
ഇതിനിടെ ശരത് പവാറിന്റെ വസതിയില്‍ നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപ്രതീക്ഷിതമായി എത്തി. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പവാര്‍ യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. തോറ്റ പാര്‍ട്ടിക്ക് സീറ്റു നല്‍കേണ്ടതില്ലെന്നാണ് പവാര്‍ യെച്ചൂരിയോട് പ്രതികരിച്ചത്.
അതേസമയം പാര്‍ട്ടിക്ക് പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന നിലപാടും എന്‍സിപിക്കുണ്ട്. കേരളത്തില്‍ നടക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇതും ഉയര്‍ന്നുവരും.