ശശീന്ദ്രന്റെ സീറ്റ്; എന്‍സിപിയില്‍ രാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും എലത്തൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവെച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി എസ് പ്രകാശനാണ് പാര്‍ട്ടി വിട്ടത്. യുഡിഎഫ് പ്രവേശനം നേടിയ മാണി സി കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രകാശന്‍ വ്യക്തമാക്കി.

അതിനിടെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ എന്‍സിപിയുടെ യുവജന വിഭാഗവും രംഗത്തെത്തി. ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍വൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. എന്‍സിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണമെന്ന് എന്‍വൈസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗൗരവമുള്ള പരാതി നല്‍കിയിട്ടുണ്ടെന്നും പക്ഷേ പരാതികള്‍ നേരത്തെ പരാതികള്‍ അറിയിക്കേണ്ടതായിരുന്നുവെന്നുമാണ് ടി പി പിതാംബരന്‍ മാസ്റ്ററുടെ പ്രതികരണം.

Top