തിരുവനന്തപുരം : നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാനുള്ള നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)യുടെ തീരുമാനം കേരളത്തിലും പ്രത്യാഘാതമുണ്ടാക്കും. നിലവിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ എൻ.സി.പിക്ക് രണ്ട് എം.എൽ.എമാരും ഒരു മന്ത്രിയുമാണ് ഉള്ളത്. ശരദ് പവാറിന്റെ പുതിയ നിലപാട് കേരളത്തിലെ മന്ത്രിസഭയിൽ നിന്നും എൻ.സി.പി മന്ത്രി എ.കെ ശശീന്ദ്രന്റെ പുറത്താകലിലാണ് കലാശിക്കുക. എൻ.സി.പി നേതാവായി ഒരിക്കലും പിണറായി മന്ത്രിസഭയിൽ തുടരാൻ ശശീന്ദ്രന് കഴിയുകയില്ല. അതു പോലെ തന്നെ ഇടതുപക്ഷ മുന്നണിയിൽ നിന്നും എൻ.സി.പി പുറത്താകും. ഇനി ശശീന്ദ്രനും സംഘത്തിനും മുന്നിലുള്ള ഏക മാർഗ്ഗം പാർട്ടി മാറുക എന്നതു മാത്രമാണ്. പുതിയ പാർട്ടി ഉണ്ടാക്കുകയോ അതല്ലങ്കിൽ കോൺഗ്രസ്സ് എസ്സിൽ ലയിക്കുകയോ വേണം. അങ്ങനെ സംഭവിച്ചാലും മന്ത്രിയായി തുടരാനും ഇടതുമുന്നണിയിൽ ചേക്കേറാനും സി.പി.എം – സി.പി.ഐ നേതൃത്വങ്ങൾ കനിയേണ്ടതുണ്ട് വിശ്വാസ്യത നഷ്ടപ്പെട്ട പാർട്ടിയുടെ നേതാക്കൾ പാർട്ടി മാറി വന്നാലും അത് ഇടതുപക്ഷത്തിന് മോശം ഇമേജാണ് സൃഷ്ടിക്കുക.
ബി.ജെ.പിയുമായി കൂട്ട് കൂടുന്നവരുമായി ഒരു സഖ്യമെന്നത് സി.പി.എമ്മിനും സി.പി.ഐക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അതു കൊണ്ട് തന്നെ എത്രയും പെട്ടന്ന് ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് തീരുമാനവും കൈ കൊളേണ്ടി വരും. എൻ.സി.പി. ഇടതുമുന്നണിയിൽ നിന്നും പുറത്തായാൽ നഷ്ടം ആ പാർട്ടിക്കു മാത്രമായിരിക്കും. കാരണം ഒരു പഞ്ചായത്ത് അംഗത്തെ ജയിപ്പിക്കാനുള്ള പിന്തുണ പോലും കേരളത്തിൽ ആ പാർട്ടിക്ക് നിലവിലില്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ പിന്തുണ കൊണ്ടു മാത്രമാണ് എൻ.സി.പി സ്ഥാനാർത്ഥികൾ കേരളത്തിൽ വിജയിക്കുന്നത്.
നാഗാലാൻഡ് സർക്കാരിന്റെ ഭാഗമാകണമെന്ന അവിടുത്തെ സംസ്ഥാന ഘടകത്തിന്റെ നിർദേശമാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചിരിക്കുന്നത്. അതേസമയം, ബിജെപി-എൻഡിപിപി ഭരണസഖ്യത്തിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഉടൻ അതും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ നടന്ന നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴും നേടിയ എൻസിപി, മറ്റു പ്രതിപക്ഷ പാർട്ടികളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ബാക്കിയുള്ള അഞ്ച് സ്ഥാനാർഥികളും മികച്ച വോട്ടുകളും നേടിയിരുന്നു. മാർച്ച് 4ന് കൊഹിമയിൽ നടന്ന എൻസിപിയുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടി സർക്കാരിന്റെ ഭാഗമാകണമോ, അതോ പ്രധാന പ്രതിപക്ഷ സ്ഥാനം വഹിക്കണോ എന്നതിനെ കുറിച്ചും ചർച്ച നടന്നിരുന്നു.
സംസ്ഥാനത്തിന്റെ വിശാലതാൽപ്പര്യത്തിനും എംഎൽഎമാർക്ക് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും പ്രാദേശിക ഘടകത്തിനും ഉണ്ടായിരുന്നത്. തുടർന്ന് തീരുമാനം ദേശീയ അധ്യക്ഷൻ ശരദ് പവാറിന് വിട്ടുകൊടുക്കുകയായിരുന്നു. നാഗാലാൻഡിലെ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായാലും കേരളത്തിൽ ഇടതുപക്ഷത്ത് നിന്നും പുറത്താകില്ലന്ന പ്രതീക്ഷയിലാണ് ശരദ് പവാർ ഉള്ളത്. അതിന് കാരണം, സി.പി.എമ്മിന്റെ ശാതുവായ കോൺഗ്രസ്സുമായി മഹാരാഷ്ട്രയിൽ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നത് കേരളത്തിൽ തടസ്സമായിട്ടില്ല എന്നതാണ്. എന്നാൽ ഈ വാദം വിലപ്പോവില്ലന്നും, മതേതര പാർട്ടിയായ കോൺഗ്രസ്സല്ല, വർഗ്ഗീയ പാർട്ടിയായ ബി.ജെ.പിയെന്നാണ് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.